Wednesday, November 24, 2010

അവസാനത്തെ അദ്ധ്യായം

ആ രാത്രിയില്‍ തന്റെ മാസ്റ്റര്‍പീസ്‌ ആയിത്തീരാനിടയുള്ള സൃഷ്ടിയുടെ അവസാനത്തെ അദ്ധ്യായത്തിന്റെ നോവിലായിരുന്നു എഴുത്തുകാരന്‍ .ഇനി കഥാനായകന്‍ മരിക്കണം.
ജീവിതത്തിന്റെ വഴിയരുകില്‍ കിടന്ന മുള്ളുകള്‍ പെറുക്കിയെടുത്ത്‌ കിരീടമുണ്ടാക്കി ധരിച്ച്‌ ഭൂമിക്ക്‌ താന്‍ ഭാരമോ അതോ ഭൂമി തനിക്ക്‌ ഭാരമോ എന്ന സംശയത്താല്‍ ആത്മപീഢനം നടത്തി അലഞ്ഞ നായകന്‍ ഇനി മരിച്ചേ പറ്റൂ.
പക്ഷേ,ഇയാളെ എങ്ങനെയാണ്‌ കൊല്ലുക?
അയാളുടെ സാഹിത്യ ജീവിതത്തില്‍ ഇന്നോളം ഇങ്ങനെ ഒരു സംശയം ഉണ്ടായിട്ടില്ല.അയാളുടെ നായകന്മാരെല്ലാംതന്നെ ജീവിതത്തിന്റെ മനോഹാരിതയ്ക്കുനേരെ കാര്‍ക്കിച്ചുതുപ്പി, ജീവിതത്തിന്റെ നിരര്‍ത്ഥകത ഉറക്കെ പ്രഖ്യാപിച്ച്‌ ഉന്മാദത്തോടെ മരണത്തെ പുല്‍കിയവരാണ്‌.ഇപ്പോള്‍ മാത്രം പിന്നെ ഇങ്ങനെയൊരു സംശയം? അയാള്‍ വിയര്‍ത്തു. ജനാല തുറന്നിട്ടു. മുറ്റത്ത്‌ നിലാവില്‍ വിടര്‍ന്നുനില്‍ക്കുന്ന വെളുത്ത പാരിജാത പൂക്കള്‍. ഹൃദ്യമായ അതിന്റെ സുഗന്ധം നനുത്ത കാറ്റില്‍ ഒഴുകിവരുന്നുണ്ട്‌. അതിനുമപ്പുറത്ത്‌ കൂറ്റന്‍ മരങ്ങളുടെ നിഴല്‍. അവിടെ കുറേ മുഖങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നതായി അയാള്‍ക്കു തോന്നി. ജീവിതത്തിന്റെ നിലാവെളിച്ചത്തില്‍നിന്ന് മൃത്യുവിന്റെ കറുത്ത നിഴലിലേക്ക്‌ താന്‍ പിടിച്ചുതള്ളിയ കഥാപാത്രങ്ങളുടെ ചായയുണ്ടോ അവയ്ക്ക്‌? അയാള്‍ പെട്ടെന്ന് മുഖം തിരിച്ചു.
തൊണ്ട വരളുന്നതായി തോന്നി. കുറച്ച്‌ വെള്ളം കുടിച്ച്‌ എഴുത്ത്‌ മേശയുടെ അടുത്തേയ്ക്കു വന്നു.
അന്നയാള്‍ ഉറങ്ങിയില്ല.
പിറ്റേന്ന് പുറത്തിറങ്ങി. മരങ്ങളുടെ ഇലകള്‍ക്ക്‌ ചൂണ്ടുവിരലിന്റെ ആകൃതിയാണെന്ന് അയാള്‍ക്ക്‌ തോന്നി. അവ അയാള്‍ക്ക്‌ നേരെ തിരിയുകയായിരുന്നു. വേഗം തിരിച്ചു നടന്നു. അവസാനത്തെ അദ്ധ്യായത്തെപ്പറ്റി പിന്നേടയാള്‍ ആലോചിച്ചതേയില്ല.
അന്നുരാത്രി,മേല്‍ക്കൂരയില്‍ കുടുക്കിയ കയറിന്റെ ബലം അയാള്‍ വലിച്ചുറപ്പുവരുത്തുമ്പോള്‍ ജനാലയിലൂടെ കയറിവന്ന പാരിജാതപ്പൂക്കളുടെ മണമുള്ള കാറ്റില്‍ അവസാനത്തെ അദ്ധ്യായത്തിന്റെ കടലാസുഷീറ്റുകള്‍ ഇളകുകയായിരുന്നു.

Monday, August 23, 2010

നഗരത്തില്‍ രണ്ടുകുട്ടികള്‍ മഴ കാണുന്നു

മഴ നഗരത്തിന്റെ സാന്ധ്യാകാശത്തില്‍ വിങ്ങിനില്‍ക്കുകയാണ്‌.പെയ്യാന്‍ തുടങ്ങിയിട്ടില്ല. ഇടിമിന്നലിന്റെ പക്കമേളം മുഴങ്ങുന്നുണ്ടെങ്കിലും നഗരം അത്‌ ശ്രദ്ധിക്കുന്നതേയില്ല. ഒഴുകി നീങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്കകത്തെ മനുഷ്യര്‍ മേഘങ്ങളുടെ വീര്‍പ്പുമുട്ടല്‍ അറിഞ്ഞില്ല.കണ്ണഞ്ചിക്കുന്ന പ്രകാശ പ്രളയത്തില്‍ മിന്നലിന്റെ വാള്‍ത്തിളക്കം കണ്ടതേയില്ല.
ട്യൂഷന്‍ കഴിഞ്ഞ്‌ അച്ഛന്റെ കാറില്‍ മടങ്ങുന്ന കുട്ടി കരിനീലിമയാര്‍ന്ന മഴമേഘങ്ങള്‍ കണ്ടു. മഴയുടെ പളുങ്കുമണികള്‍ പൊട്ടിവീഴാന്‍ തുടങ്ങുകയാണ്‌.പക്ഷേ അവന്‌ സന്തോഷം തോന്നിയില്ല. രാത്രിമഴയത്ത്‌ എങ്ങനെയാണ്‌ മുറ്റത്ത്‌ കളിവള്ളമിറക്കുക? അവന്റെ ആകാശത്തുനിന്നും നിരാശ തുള്ളികളായി പെയ്യാന്‍ തുടങ്ങി.
സുരക്ഷിതമായ നാലു ചുവരുകള്‍ക്കുള്ളില്‍ അന്തിയുറങ്ങുന്ന സുവര്‍ണ്ണസ്വപ്നം കണ്ടുകൊണ്ട്‌ കടത്തിണ്ണയിലുറങ്ങുന്ന കുട്ടി ഇരുണ്ടുതൂങ്ങുന്ന മേഘങ്ങളെ ഭയപ്പാടോടെ നോക്കിയിരുന്നു. അവന്‌ അഭയമായി ആരുമുണ്ടായിരുന്നില്ല.മഴ അവന്റെ പഴന്തുണിക്കിടക്ക നനയ്ക്കും. ശീതക്കാറ്റ്‌ ചാക്കുകഷണത്തിന്റെ മറയെ ഭേദിച്ച്‌ അവന്റെ ഉറക്കം കെടുത്തും. പെരുമഴയത്ത്‌ കുടപിടിച്ചുപോകുമ്പോള്‍ ആളുകള്‍ക്ക്‌ കാരുണ്യം നാണയത്തുട്ടുകളാവില്ല. മഴയുടെ തണുപ്പില്‍ വിശപ്പിന്റെ കാട്ടുമൃഗം ചുരമാന്തും.
പൊടുന്നനെ രണ്ടു കുട്ടികളുടെയും കാഴ്ചയില്‍ നഗരത്തിനുമീതെ ഹുങ്കാരത്തോടെ മഴ വന്നു നിറഞ്ഞു .

Thursday, July 22, 2010

നിഴല്‍

നിലാവുള്ളതിനാല്‍ രാത്രി വളരെ വൈകിയിട്ടും അയാള്‍ക്ക്‌ പേടി തോന്നിയില്ല.തിരക്കിട്ടു നടന്നു അയാള്‍. പെട്ടെന്ന് അയാളെ ആരോ പിന്നില്‍നിന്ന് പേരുചൊല്ലി വിളിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ നിഴലിനെയല്ലാതെ പിന്നിലാരെയും കണ്ടില്ല.പിന്നെ ആരാണ്‌ വിളിച്ചത്‌? അയാള്‍ക്ക്‌ പേടിതോന്നി.പൊടുന്നനെ അയാളുടെ നിഴല്‍ അയാളില്‍ നിന്ന് തെന്നിമാറിനിന്ന് സംസാരിക്കാന്‍ തുടങ്ങി.
" ഞാനാണ്‌ വിളിച്ചത്‌"-നിഴല്‍ ശാന്തനായി പറഞ്ഞു.
അയാള്‍ വിറച്ചുനിന്നു.
"എന്താണ്‌ നീ എന്നെ തുറിച്ചു നോക്കുന്നത്‌? ഇതിനുമുന്‍പ്‌ കണ്ടിട്ടില്ലാത്തതുപോലെ.നിന്റെ ജീവിതം മുഴുവന്‍ നിന്നോടൊപ്പമുണ്ടായിരുന്നിട്ടും ഒരപരിചിതനെപ്പോലെയാണല്ലോ നീ എന്നെ നോക്കുന്നത്‌."
അയാളുടെ ഉള്ളില്‍ ഭയം അഗ്നിനാവ്‌ നീട്ടി.
"പേടിക്കേണ്ട.ഞാന്‍ ചില കാര്യങ്ങള്‍ പറയാനാണ്‌ വിളിച്ചത്‌".നിഴല്‍ തുടര്‍ന്നു:"എന്തിനാണ്‌ നിനക്കിത്ര തിരക്ക്‌? നിന്റെ ജീവിതം മുഴുവന്‍ നിനക്ക്‌ തിരക്കായിരുന്നു.നിന്റെ കണക്കുപുസ്തകത്തിലെ നേട്ടങ്ങളുടെ അക്കങ്ങള്‍ കൂട്ടുവാനുള്ള തിരക്ക്‌.എനിക്കു മടുത്തു.നമുക്ക്‌ പിരിയാം."
മരവിച്ചുനിന്ന അയാള്‍ പെട്ടെന്നു പറഞ്ഞു:ഇല്ല,പറ്റില്ല.എനിക്കിനിയും നിന്നെ ആവശ്യമുണ്ട്‌."
നിഴല്‍ ചിരിച്ചുകൊണ്ട്‌ മൊഴിഞ്ഞു:"വയ്യ ചങ്ങാതീ,ക്ഷമിക്കണം.നിന്റെ തിരക്കില്‍ പെട്ട്‌ ഞാന്‍ വളരെ ക്ഷീണിതനായിരിക്കുന്നു.വയ്യ."
പെട്ടെന്ന്, എവിടെനിന്നോപാഞ്ഞുവന്ന കാര്‍മേഘക്കൂട്ടങ്ങള്‍ ചന്ദ്രനെ മറച്ചു.നിഴല്‍ അപ്രത്യക്ഷനായി.കുറ്റിരുട്ടില്‍ ദിശാബോധം നഷ്ടപ്പെട്ട്‌ വിഭ്രാന്തിയോടെ പാഞ്ഞ അയാളെ ഒരു പൊട്ടക്കിണര്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.

Sunday, June 20, 2010

ബോധാസ്തമയം

ബോധോദയത്തിനുശേഷം,മരുഭൂമി പോലെ തോന്നുന്ന ഒരു പ്രദേശത്തുകൂടി നടക്കുകയായിരുന്നു ബുദ്ധന്‍ .പൊള്ളുന്ന വെയിലില്‍ ബുദ്ധന്‍ പിടഞ്ഞു.ഒരു തണലിനുവേണ്ടി ദാഹിച്ചു.പക്ഷേ ഒരു വൃക്ഷത്തിന്റെ പച്ച അകലെപ്പോലും കാണുവാന്‍ കഴിഞ്ഞില്ല.
പെട്ടന്ന്,നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഒരു കീറത്തുണി വിരിച്ച്‌ ഇത്തിരി തണലുണ്ടാക്കി അതിനുതാഴെ ചുരുണ്ടുകിടക്കുന്ന ഒരുവനെ ബുദ്ധന്‍ കണ്ടു.യാത്രക്കിടയില്‍ വിശന്നുതളര്‍ന്ന് വീണുപോയതാവണം.ദയനീയമായ രൂപമായിരുന്നു അയാളുടേത്‌.ബുദ്ധനെ കണ്ടപ്പോള്‍ വളരെ പ്രയാസപ്പെട്ട്‌ അയാള്‍ എഴുന്നേറ്റിരുന്നു.വരണ്ടുണങ്ങിയ അയാളുടെ തൊണ്ടയ്ക്ക്‌ ശബ്ദിക്കുവാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല.എങ്കിലും അയാളുടെ ദാഹവും വിശപ്പും കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയും ബുദ്ധന്‍ ദര്‍ശന മാത്രയില്‍ത്തന്നെ അറിഞ്ഞു.ബുദ്ധന്റെ ഉള്ളലിഞ്ഞു.പക്ഷേ, അയാള്‍ക്ക്‌ നല്‍കാന്‍ ബുദ്ധന്റെ കൈയില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.ബുദ്ധന്‍ അയാളെ നോക്കി ഇങ്ങനെ പറഞ്ഞു:"മകനേ,നിന്റെ മുഖം ദുഖാകുലമായിരിക്കുന്നുവല്ലോ.ആഗ്രഹങ്ങളാണ്‌ മകനേ ദുഖത്തിന്‌ കാരണം."
ഇതു പറഞ്ഞശേഷം, കത്തുന്ന വെയിലില്‍ നിന്ന് അയാളുടെ കീറത്തുണിയുടെ തണലിലേക്ക്‌ കയറിയിരുന്ന് ബുദ്ധന്‍ ആശ്വാസത്തോടെ നിശ്വസിച്ചു.മുഖമുയര്‍ത്തിനോക്കിയ ബുദ്ധന്‍ കണ്ടത്‌ തന്നെ നോക്കി ചിരിക്കുന്ന അയാളെയാണ്‌.വല്ലാത്ത ആ ചിരിയില്‍ ബുദ്ധന്‍ പരുങ്ങി.തന്റെ അമളി മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കീറത്തുണിയുടെ തണലിന്റെ ശീതളിമയില്‍ നിന്ന് പൊള്ളുന്ന വെയിലിലേയ്ക്ക്‌ ബുദ്ധന്‍ ഇറങ്ങിനിന്നു.
ബോധത്തിന്‌ ഉദയം മാത്രമല്ല,ചിലപ്പോള്‍ അസ്തമയവുമുണ്ടെന്ന് മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സില്‍ കത്തുന്ന വെയില്‍ച്ചീളുകള്‍ പതിച്ചപ്പ്പ്പോള്‍ ബുദ്ധന്‌ ബോദ്ധ്യമായി.

Sunday, April 4, 2010

ഖസാക്കിലെ ഉരഗം



കാലവര്‍ഷമേഘങ്ങള്‍ നക്ഷത്രങ്ങളെ മറച്ചു പിടിച്ച ആ അര്‍ദ്ധരാത്രിയില്‍ ചെതലിമലയുടെ അടിവാരത്തില്‍ ഒരു ഇടിവാള്‍ വീണു ചിതറി.
അടിവാരത്തെ കുതിര്‍ന്ന മണ്ണില്‍ ചലനശേഷിയറ്റ്‌ പുതഞ്ഞുകിടക്കുകയായിരുന്നു ഉരഗം. പൊട്ടിച്ചിതറി വീണ മിന്നലിന്റെ നടുക്കത്തില്‍ ഉരഗത്തിന്‌ ഒരു നിമിഷം ഭൂമിയും ആകാശവും കൈവിട്ടുപോയി.
ഭൂമി പിളര്‍ന്ന മിന്നലിന്റെ വാള്‍ത്തലയില്‍ ബോധേന്ദ്രിയങ്ങള്‍ ഉരഞ്ഞുകത്തി പൊടുന്നനെ ഉരഗം ജ്ഞാനിയായി.
ജ്ഞാനത്തിന്റെ അതീന്ദ്രീയ സ്വാതന്ത്ര്യം. എല്ലാ ജീവജാലങ്ങള്‍ക്കും ഭൂമി വിട്ടുപോകുന്നതിനുമുമ്പ്‌, അബോധത്തിനും മരണത്തിനുമിടയിലെ സുഷുപ്‌ത പാതയില്‍ വച്ച്‌ ദൈവം കനിഞ്ഞു നല്‍കുന്ന ജ്ഞാനാനന്ദം.
അജ്ഞേയതയുടെ മറ മാഞ്ഞുപോകുമ്പോള്‍, രഹസ്യങ്ങളില്ലാത്ത പ്രപഞ്ചത്തിന്റെ സുതാര്യമായ നേര്‍ക്കാഴ്‌ച.
ഉരഗത്തിന്റെ അന്തര്‍നേത്രങ്ങള്‍ ആ പാതി രാവിലെ നാലു കാഴ്‌ചകളിലുടക്കി.
ഉണര്‍ന്നിരിക്കുന്ന നാലുപേര്‍.
ആദ്യത്തെയാള്‍ തിരുവനന്തപുരത്തെ ഒരു നിരൂപകനായിരുന്നു. അയാള്‍ തന്റെ ലേഖനത്തിന്റെ അവസാന വരികളില്‍ ചെറിയ വെട്ടിത്തിരുത്തലുകള്‍ വരുത്തി പേനയടച്ചു വച്ചു. ഒരു നിമിഷം കണ്ണു കളടച്ചിരുന്നശേഷം ആശ്വാസത്തിന്റെ ഒരു നെടു വീര്‍പ്പോടെ അയാള്‍ തന്റെ രചന വായിക്കാന്‍ തുടങ്ങി.
ഖസാക്കിന്റെ ഇതിഹാസം: നിരാസത്തിന്റെ സൗന്ദര്യതലം എന്ന ലേഖനത്തിന്റെ ഓരോ വരിയിലൂടെയും നിരൂപകനൊപ്പം ഉരഗവും സഞ്ചരിച്ചു. നിരൂപകന്‍ ഖസാക്കിന്റെ ഇതിഹാസത്തിലെ ഓരോ കഥാപാത്രത്തിന്റെയും ജീവിതസമീപനങ്ങളെ വിശകലനം ചെയ്‌തിരിക്കുന്നു. ജീവിതനിരാസത്തിന്റെ സൗന്ദര്യാത്മകതയെ രവി എങ്ങനെ സാക്ഷാത്‌ കരിച്ചുവെന്നും മരണത്തെ രവി സൗന്ദര്യാത്മകമാക്കിയ തെങ്ങനെയെന്നും ആംഗലേയപദധാരാളിത്തത്തോടെ നിരൂപകന്‍ നിരൂപിക്കുന്നു. അന്നേരം മേശപ്പുറത്ത്‌ തുറന്നു കിടന്നിരുന്ന ഒരു ഇംഗ്ലീഷ്‌ പുസ്‌തകത്തിലെ വാക്കുകള്‍ ആ നിരൂപകന്റെ മലയാള വാക്കുകളെ നോക്കി പരിഹസിച്ചു ചിരിക്കുന്നതുകണ്ട്‌ നിരൂപകന്‍ ഇംഗ്ലീഷ്‌ പുസ്‌തകം അടച്ച്‌ അലമാരയില്‍ വച്ചു പൂട്ടി.
പലായനവാദപ്രേമിയായ നിരൂപകന്‍ ഉരഗത്തെ തന്റെ ലേഖനത്തിനു പുറത്തുനിര്‍ത്തി.
ഉരഗം വേദനയോടെ അടുത്ത ദൃശ്യത്തിലേക്ക്‌ ജ്ഞാനേന്ദ്രിയം തുറന്നു.
മലയാളം എം.എ. യ്‌ക്കു പഠിക്കുന്ന വിദ്യാര്‍ത്ഥി പ്രബന്ധരചനയില്‍ മുഴുകിയിരിക്കുകയായിരുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ പാത്രസൃഷ്‌ടിയുടെ സവിശേഷതകള്‍ എന്ന പ്രബന്ധം അയാള്‍ക്ക്‌ പിറ്റേ ദിവസത്തെ ക്ലാസ്സ്‌ സെമിനാറില്‍ വായിക്കേണ്ടതുണ്ട്‌. തുറന്നുവച്ച കുറേ പുസ്‌തകങ്ങളുടെ ഇടയിലിരുന്ന്‌ കോട്ടുവായുടെ അകമ്പടിയോടെ അയാള്‍ എഴുതുകയായിരുന്നു. അയാളുടെ മേശപ്പുറം നിറയെ ഖസാക്കിനെ മനസ്സിലാക്കാന്‍ നടത്തിയ നിരൂപക പ്രയത്‌നങ്ങള്‍. മേശപ്പുറത്ത്‌ തുറന്നു കിടക്കുന്ന അവയില്‍ അടിവരകള്‍ വീഴുകയും പകര്‍ത്ത പ്പെടുകയും ചെയ്യുന്നു. അയാള്‍ ഓരോ കഥാപാത്ര ത്തെയും ചെറിയ ചെറിയ തലക്കെട്ടുകളിലായി അടുക്കിയെഴുതി. രവി, മൈമുന, അപ്പുക്കിളി, അള്ളാപ്പിച്ചാ മൊല്ലാക്ക, കുഞ്ഞാമിന, നൈസാമലി, ഖാലിയാര്‍, മാധവന്‍നായര്‍, പത്മ..... പട്ടികയില്‍ ഉരഗത്തിന്റെ പേരില്ലെന്ന്‌ ഉരഗം വേദനയോടെ അറിഞ്ഞു.
ദൃശ്യത്തില്‍നിന്ന്‌ പിന്‍വലിയും മുമ്പ്‌ മേശപ്പുറത്ത്‌ ഒരു പുസ്‌തകം മാത്രം തുറന്നുവയ്‌ക്കാതെ ഇരി ക്കുന്നത്‌ ഉരഗം ശ്രദ്ധിച്ചു. ഏതോ വായനശാലയുടെ മുദ്രപതിഞ്ഞ ആ പുസ്‌തകത്തിന്റെ പുറം ചട്ടയിലെ ഖസാക്കിന്റെ ഇതിഹാസം എന്ന പേര്‌ കാലപ്പഴക്കം കൊണ്ട്‌ മാഞ്ഞു തുടങ്ങിയിരുന്നു.
മൂന്നാം ദൃശ്യത്തിലെ കോട്ടയത്തെ ഫീച്ചറെഴു ത്തുകാരന്‍ ധ്യാനത്തിലായിരുന്നു. മേശപ്പുറത്ത്‌ കുറേ പാലക്കാടന്‍ ദൃശ്യങ്ങളുടെ ചിത്രങ്ങള്‍. വെയില്‍ കുടിച്ചു നില്‍ക്കുന്ന പനകള്‍, ചെമ്മണ്ണുനിറഞ്ഞ വെട്ടുവഴികള്‍, വെട്ടുവഴിയിലൂടെ റാന്തല്‍ വിളക്കും തൂക്കി നീങ്ങുന്ന കാളവണ്ടി, പനകളുടെ പശ്ചാത്ത ലത്തില്‍ തലയില്‍ തട്ടമിട്ട ഒരു പെണ്‍കുട്ടി....
അയാള്‍ ചിത്രങ്ങള്‍ ഓരോന്നായി എടുത്തു നോക്കി. നല്ല വിഷ്വല്‍ ഇഫക്‌ടുള്ള മൂന്നുചിത്ര ങ്ങളെടുത്തു. പനകളും കാളവണ്ടിയും തട്ടമിട്ട പെണ്‍കുട്ടിയും ഒരു പ്രത്യേക പൊസിഷനില്‍ വച്ചു നോക്കിയിട്ട്‌ എഴുത്തുതുടങ്ങി: ഇതിഹാസത്തിന്റെ തട്ടകത്തിലൂടെ....
വാക്കുകള്‍ റോഡുവിട്ട്‌ കാടുകയറി പൈങ്കിളിപ്പാട്ട്‌ കേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഉരഗം ദൃശ്യത്തില്‍ നിന്ന്‌ പിന്മാറി.
പാരലല്‍ കോളേജില്‍ പഠിപ്പിക്കുന്ന യുവാവ്‌ ലൈബ്രറിയില്‍ നിന്നെടുത്ത
ഖസാക്കിന്റെ ഇതിഹാസത്തില്‍ സ്വയം നഷ്‌ടപ്പെട്ടിരിക്കുകയായിരുന്നു ആ രാത്രി. അയാള്‍ ഇതിഹാസത്തിന്റെ കഥാന്തരം എന്ന അവസാനത്തെ അദ്ധ്യായത്തിലായിരുന്നു.
സായാഹ്നയാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരുക. മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്തുതുന്നിയ ഈ പുനര്‍ജനിയുടെ കൂടുവിട്ട്‌ ഞാന്‍ വീണ്ടും യാത്രയാണ്‌.
ഉരഗത്തിന്റെ ഉള്ളുമിടിച്ചു. ഞാന്‍, ഞാനിതാ ഈ വായനക്കാരനിലേയ്‌ക്ക്‌ വരുകയാണ്‌. ഇയാള്‍ എന്നെ കാണാതിരിക്കുകയില്ല. അയാള്‍ ആ വരികളിലെത്തി.
നീലനിറത്തിലുള്ള മുഖമുയര്‍ത്തി അവന്‍ മേല്‌പ്പോട്ടു നോക്കി. ഇണര്‍പ്പുപൊട്ടിയ കറുത്ത നാക്ക്‌ പുറത്തേക്കു വെട്ടിച്ചു. പാമ്പിന്റെ പത്തി വിടരുന്നത്‌ രവിയും കൗതുകത്തോടെ നോക്കി. വാത്സല്യത്തോടെ കാല്‌പടത്തില്‍ പല്ലുകള്‍ അമര്‍ന്നു. പല്ലുമുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയാണ്‌. കാല്‍പ്പടത്തില്‍ വീണ്ടും വീണ്ടും അവ പതിഞ്ഞു. പത്തി ചുരുക്കി, കൗതുക ത്തോടെ, വാത്സല്യത്തോടെ, രവിയെ നോക്കിയിട്ട്‌ അവന്‍ വീണ്ടും മണ്‍കട്ടകള്‍ക്കിടയിലേയ്‌ക്ക്‌ നുഴഞ്ഞു പോയി.
ഉരഗത്തിന്റെ കൗതുകം അയാളുടെ ഉള്ളിലേക്ക്‌ നുഴഞ്ഞു നോക്കി. എന്താണ്‌ അയാള്‍ അനുഭവി ക്കുന്നത്‌?
അയാള്‍ രവിയിലായിരുന്നു. രവിയുടെ പാപങ്ങളി ലായിരുന്നു. രവിയുടെ യാത്രയിലായിരുന്നു. രവിക്കു വേണ്ടി വരാനിരിക്കുന്ന ബസ്സിന്റെ ഇരമ്പത്തി ലായിരുന്നു.
പുറത്തു പെയ്യുന്ന കനത്ത ഇരുട്ടിലേക്ക്‌ ഒരു നിമിഷം നോക്കി അയാള്‍ പുസ്‌തകവും കണ്ണുകളു മടച്ചു.
നിരാശയും ദുഃഖവും കലര്‍ന്ന്‌ ഉരഗത്തിന്റെ ഉള്ള്‌ വീണ്ടും കലങ്ങി.
ഭൂമിയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന കറുത്ത ഒരു ഭീമാകാര ജന്തുവായി ഇരുളില്‍ ചെതലിമല. മല ഒന്നുമുരണ്ടു.
അന്നേരം, കോട്ടയത്തെ വീട്ടില്‍ ഉറങ്ങുക യായിരുന്നു രോഗാതുരനായ
വിജയന്‍
ഉരഗത്തിന്റെ ബോധേന്ദ്രിയങ്ങളില്‍ വിജയന്‍ വെളിപ്പെട്ടു. സ്രഷ്‌ടാവിനു മുന്നില്‍ ഉരഗം നമിച്ചു.
ഉരഗം ചോദിച്ചു: ``സ്രഷ്‌ടാവേ, ഞാനില്ലായിരുന്നു വെങ്കില്‍ രവി എന്തു ചെയ്യുമായിരുന്നു? പല്ലു മുളയ്‌ക്കുന്ന ഉണ്ണിക്കുട്ടന്റെ വികൃതിയായി അങ്ങ്‌ വര്‍ണ്ണിച്ച എന്റെ നിയോഗത്തിനു വേണ്ടിയല്ലേ രവി ഖസാക്കിലെ കുതിര്‍ന്ന മണ്ണടരുകളിലവസാനിച്ച കനല്‍പ്പാതകള്‍ താണ്ടിയത്‌? രവിയുടെ കാലുകളി ലേക്ക്‌ ഞാന്‍ പകര്‍ന്ന വിഷമല്ലേ വായനക്കാരന്റെ സിരകളിലേക്ക്‌ പടര്‍ന്ന്‌ ലഹരിയായത്‌?''
സുഷുപ്‌തിയുടെ ഏതോ ആഴങ്ങളിലെ സ്വപ്‌ന ദൃശ്യത്തില്‍ വിജയന്‍ ഉരഗത്തെ നേര്‍ക്കുനേര്‍ കണ്ടു, കേട്ടു.
വിജയന്റെ വേദനയുടെ വിലോല ശബ്‌ദം ഉരഗം ഇങ്ങനെ കേട്ടു:
``ഉരഗമേ, നീയായിരുന്നു കഥാനായക
ന്‍ .ഞാന്‍ ഖേദിക്കുന്നു.''
താഴ്‌വാരങ്ങളില്‍ ഉറങ്ങുകയായിരുന്ന കാട്ടു പൂക്കള്‍ പൊടുന്നനെ ഒരു കഴുകന്റെ ചിറകടി ശബ്‌ദം കേട്ട്‌ നടുങ്ങിയുണര്‍ന്നു.
ഉരഗം അന്നേരം ഒഴുകിപ്പോയ ഖേദങ്ങളുടെ നിറവിലായിരുന്നു.
ഉരഗത്തിനു മുകളില്‍ കഴുകന്റെ കണ്ണുകള്‍ ആളാന്‍ തുടങ്ങി.
ആ രാവിനൊപ്പം ഉരഗവും യാത്രയാരംഭിച്ചു.
ചെതലിയുടെ ശിഖരങ്ങളില്‍ പുലര്‍വെട്ടം പടര്‍ന്നപ്പോള്‍ കാലവര്‍ഷത്തിന്റെ വെളുത്ത മഴനൂലുകള്‍ ആകാശം നിറയ്‌ക്കാന്‍ തുടങ്ങി.

Friday, March 12, 2010

നിയോഗം

വല്‍മീകത്തിനുള്ളിലെ നിഷ്ക്രിയതയില്‍നിന്നും താപസന്‍ ശാപവചനം ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്‌ തമസാ തീരത്തെത്തി. കുഞ്ഞിച്ചിറകുകള്‍ മിനുക്കി മരക്കൊമ്പിലിരിക്കുന്ന ഇണപ്പക്ഷികളെ കണ്ട താപസനയനങ്ങള്‍ ചുറ്റും നിഷാദനെ തിരഞ്ഞു. കൈയ്യില്‍ വിഷാസ്ത്രവും കണ്ണില്‍ കത്തുന്ന ക്രൂരതയുമായി നിഷാദന്‍ എത്തിയില്ല. കാത്തുനിന്നു മടുത്ത താപസകണ്‌ഠത്തില്‍ ശാപവാക്യം കുരുങ്ങിക്കിടന്നു.പെട്ടന്ന് ഇണപ്പക്ഷികള്‍ ചിലച്ചുകൊണ്ട്‌ അകലേയ്ക്കു പറന്നുപോയി. ഞെട്ടിപ്പോയ താപസനുചുറ്റും പലതരം പക്ഷികള്‍ പരിഹാസധ്വനിപോലെ ചിലച്ചു. ഇതിഹാസ സൃഷ്ടിയുടെ ബീജാവാപം നടക്കാതെപോയ നിമിഷത്തെ ശപിച്ച്‌ താപസന്‍ മറ്റൊരു മുഹൂര്‍ത്തത്തിനായി വല്‍മീകത്തിലേക്ക്‌ മടങ്ങി.