ആ രാത്രിയില്‍ തന്റെ മാസ്റ്റര്‍പീസ് ആയിത്തീരാനിടയുള്ള സൃഷ്ടിയുടെ അവസാനത്തെ അദ്ധ്യായത്തിന്റെ നോവിലായിരുന്നു എഴുത്തുകാരന്‍ .ഇനി കഥാനായകന്‍ മരിക്കണം.
ജീവിതത്തിന്റെ വഴിയരുകില്‍ കിടന്ന മുള്ളുകള്‍ പെറുക്കിയെടുത്ത് കിരീടമുണ്ടാക്കി ധരിച്ച് ഭൂമിക്ക് താന്‍ ഭാരമോ അതോ ഭൂമി തനിക്ക് ഭാരമോ എന്ന സംശയത്താല്‍ ആത്മപീഢനം നടത്തി അലഞ്ഞ നായകന്‍ ഇനി മരിച്ചേ പറ്റൂ.
പക്ഷേ,ഇയാളെ എങ്ങനെയാണ് കൊല്ലുക?
അയാളുടെ സാഹിത്യ ജീവിതത്തില്‍ ഇന്നോളം ഇങ്ങനെ ഒരു സംശയം ഉണ്ടായിട്ടില്ല.അയാളുടെ നായകന്മാരെല്ലാംതന്നെ ജീവിതത്തിന്റെ മനോഹാരിതയ്ക്കുനേരെ കാര്‍ക്കിച്ചുതുപ്പി, ജീവിതത്തിന്റെ നിരര്‍ത്ഥകത ഉറക്കെ പ്രഖ്യാപിച്ച് ഉന്മാദത്തോടെ മരണത്തെ പുല്‍കിയവരാണ്.ഇപ്പോള്‍ മാത്രം പിന്നെ ഇങ്ങനെയൊരു സംശയം? അയാള്‍ വിയര്‍ത്തു. ജനാല തുറന്നിട്ടു. മുറ്റത്ത് നിലാവില്‍ വിടര്‍ന്നുനില്‍ക്കുന്ന വെളുത്ത പാരിജാത പൂക്കള്‍. ഹൃദ്യമായ അതിന്റെ സുഗന്ധം നനുത്ത കാറ്റില്‍ ഒഴുകിവരുന്നുണ്ട്. അതിനുമപ്പുറത്ത് കൂറ്റന്‍ മരങ്ങളുടെ നിഴല്‍. അവിടെ കുറേ മുഖങ്ങള്‍ തന്നെ നോക്കി ചിരിക്കുന്നതായി അയാള്‍ക്കു തോന്നി. ജീവിതത്തിന്റെ നിലാവെളിച്ചത്തില്‍നിന്ന് മൃത്യുവിന്റെ കറുത്ത നിഴലിലേക്ക് താന്‍ പിടിച്ചുതള്ളിയ കഥാപാത്രങ്ങളുടെ ചായയുണ്ടോ അവയ്ക്ക്? അയാള്‍ പെട്ടെന്ന് മുഖം തിരിച്ചു.
തൊണ്ട വരളുന്നതായി തോന്നി. കുറച്ച് വെള്ളം കുടിച്ച് എഴുത്ത് മേശയുടെ അടുത്തേയ്ക്കു വന്നു.
അന്നയാള്‍ ഉറങ്ങിയില്ല.
പിറ്റേന്ന് പുറത്തിറങ്ങി. മരങ്ങളുടെ ഇലകള്‍ക്ക് ചൂണ്ടുവിരലിന്റെ ആകൃതിയാണെന്ന് അയാള്‍ക്ക് തോന്നി. അവ അയാള്‍ക്ക് നേരെ തിരിയുകയായിരുന്നു. വേഗം തിരിച്ചു നടന്നു. അവസാനത്തെ അദ്ധ്യായത്തെപ്പറ്റി പിന്നേടയാള്‍ ആലോചിച്ചതേയില്ല.
അന്നുരാത്രി,മേല്‍ക്കൂരയില്‍ കുടുക്കിയ കയറിന്റെ ബലം അയാള്‍ വലിച്ചുറപ്പുവരുത്തുമ്പോള്‍ ജനാലയിലൂടെ കയറിവന്ന പാരിജാതപ്പൂക്കളുടെ മണമുള്ള കാറ്റില്‍ അവസാനത്തെ അദ്ധ്യായത്തിന്റെ കടലാസുഷീറ്റുകള്‍ ഇളകുകയായിരുന്നു.
Wednesday, November 24, 2010
Subscribe to:
Post Comments (Atom)



എന്താ പറയുക,
ReplyDeleteവാക്കുകളില്ല തന്നെ!