Sunday, September 20, 2009
തീവണ്ടികള്‍ ആത്മഹത്യ ചെയ്യുന്നത്
പാളത്തിനു സമീപത്തെ ചതുപ്പില്‍ തഴച്ചു നിന്ന നീര്‍വാഴയിലിരുന്ന പച്ചപ്പുഴു പാളത്തിലേക്ക് ഇഴഞ്ഞു കയറിയ നേരം ജനറല്‍ കമ്പാര്‍ട്ടുമെന്റിന്റെ ജനലരികിലിരുന്ന് ഒരാള്‍ ഗീതാഞ്ജലിയുടെ മലയാള പരിഭാഷ വായിക്കുകയായിരുന്നു: പ്രകാശമേ, എന്റെ പ്രകാശമേ, ലോകം നിര്‍ഭരമാക്കുകയും മിഴികളില്‍ ചുംബിക്കുകയും ചെയ്യുന്ന, ഹൃദയത്തെ മധുരീകരി ക്കുന്ന പ്രകാശമേ...പച്ചപ്പുഴു നിവര്‍ന്നുനോക്കവേ, അതിന്റെ കുഞ്ഞു കണ്ണുകളില്‍ കൊള്ളാത്ത തീവണ്ടിയും നടുക്കുന്ന പ്രകമ്പനവും. അടുത്തനിമിഷം പ്രകാശം ആ പച്ചക്കണ്ണുകളില്‍ ഞെട്ടിമരിച്ചു.തീവണ്ടി കിതച്ചു.ചേതനയില്ലാത്ത യന്ത്രത്തിന്റെ കിതപ്പ്.തീവണ്ടി ഇപ്പോള്‍ ഒരു വിജന പ്രദേശത്തുകൂടി കുതിക്കുകയാണ്. ചുറ്റും വീണ വൃക്ഷാവശിഷ്ടങ്ങള്‍, വിണ്ടുകീറി വിശന്ന വയലുകള്‍.പൊടുന്നനെ ഒരു പേക്കാറ്റിനൊപ്പം ഒരു നിലവിളി ചീറിയെത്തി. മൂന്ന് മനുഷ്യശരീരങ്ങള്‍ പാളത്തില്‍ കുറുകെ.എഞ്ചിനില്‍ ചോരയും നിലവിളിയും വന്നലച്ചു. യന്ത്രം ചോരയാല്‍ നനയുകയും നടുങ്ങുകയും ചെയ്തു.തീവണ്ടി ഇഴഞ്ഞുനിന്നു.ഇപ്പോള്‍ കാണാം, പാളത്തില്‍ ചോരകൊണ്ടു വരച്ച ഒരു വലിയ ചിത്രം.ഒരമ്മയും രണ്ടു മക്കളും.ലോകം കണ്ടു കൊതിതീരാത്ത കണ്ണുകള്‍.എ. സി. കോച്ചില്‍ അസ്വസ്ഥത പടര്‍ന്നുതുടങ്ങി. സമയം തെറ്റുന്നു.``ഇതിനൊക്കെ വല്ല വിഷവും വാങ്ങി തിന്നുകൂടെ. മനുഷ്യരെ മെനക്കെടുത്താന്‍''.അമ്മയും മക്കളും പോയിട്ടുണ്ടായിരുന്നില്ല.അവര്‍ പാളത്തില്‍ ശരീരമുപേക്ഷിച്ച് കെട്ടിപ്പിടിച്ചു നില്‍ക്കുകയായിരുന്നു.സങ്കടം തോന്നി അവര്‍ക്ക്. ഞങ്ങള്‍ കാരണം... ശരീരങ്ങള്‍ നീക്കം ചെയ്തശേഷം തീവണ്ടി നീങ്ങി ത്തുടങ്ങി. അന്നേരം, ദൈവം ബോറടിമാറ്റാന്‍ ഒരു വികൃതി കാട്ടുകയായിരുന്നു.പൊടുന്നനെ തീവണ്ടി എഞ്ചിനില്‍ ഒരു ജീവന്റെ തുടിപ്പുയര്‍ന്നു. പച്ചപ്പുഴുവിന്റെ ആത്മാവ് എഞ്ചിനില്‍ കയറി സ്പന്ദിച്ചു തുടങ്ങി.ചോരതെറിച്ച തീവണ്ടിയുടെ വലിയ ഹെഡ്ലൈറ്റിനുള്ളില് രണ്ടു കുഞ്ഞിക്കണ്ണുകള്‍ തുറന്നു.ഒരു യന്ത്രം അങ്ങനെ ജീവന്റെ വേദനയറിയാന്‍ തുടങ്ങി.മനസ്സാക്ഷിയുടെ ഒരു വിലങ്ങ് പൊടുന്നനെ എഞ്ചിന്റെ നെഞ്ചിനു കുറുകെ വീണു. കെട്ട ലോകത്തെ മനുഷ്യരെ നിരന്തരം പേറുന്ന മടുപ്പ് തീവണ്ടി അന്നാദ്യമായി അറിഞ്ഞു.എ. സി. കോച്ചില്‍ പൊടുന്നനെ ചിരിപൊട്ടി. ആത്മഹത്യാനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്തായ തിന്റെ കാരണങ്ങള്‍ സംബന്ധിച്ച ചര്‍ച്ച ഒരു വലിയ ഫലിതത്തില്‍ അവസാനിച്ചതാണ്.``എന്തിന്റെ കുറവുകൊണ്ടാവും ഇവറ്റകള് ഇങ്ങനെ സ്വയം ചാകുന്നത്?'' - കഴുത്തിലെ ടൈ ശരിക്കു മുറുക്കിക്കൊണ്ട് ഒരാള്‍ ചോദിക്കുന്നു.കടക്കെണി, ദാരിദ്ര്യം, സ്നേഹരാഹിത്യം, മോഹഭംഗം - പല ഉത്തരങ്ങള്‍ വന്നു.``നോ! അതൊന്നുമല്ല'' കുടവണ്ടി തടവിക്കൊണ്ട് അയാള്‍ കണ്ടെത്തുന്നു: ``ലാക് ഓഫ് പ്രാഗ്മാറ്റിക് വിസ്ഡം - പ്രായോഗിക ജ്ഞാനത്തിന്റെ കുറവ്''.അയാളുടെ പുച്ഛച്ചിരി മറ്റുള്ളവരിലേക്ക് പടര്‍ന്ന് വീണ്ടും ഒരു കൂട്ടച്ചിരിയാവുന്നു.അന്നേരം, തീവണ്ടിയുടെ ഉള്ളിലൂടെ, പൊരി വെയിലിലും അര്‍ദ്ധരാത്രിയിലും വിശപ്പിനോട് പൊരുതുന്ന നിരാലംബ ജന്മങ്ങളുടെയും വിശന്നു കരയുന്ന കുട്ടികളുടെയും ആത്മാഭിമാനം ഭാരമായി ത്തീര്‍ന്ന അമ്മമാരുടെയും കരിഞ്ഞ പാടത്തുനിന്ന് നെഞ്ചുരുകുന്ന കര്‍ഷകന്റെയും കുറെ ശിഥിലചിത്രങ്ങള്‍ ഒരു നീറ്റലോടെ കടന്നുപോയി.ലാക് ഓഫ് പ്രാഗ്മാറ്റിക് വിസ്ഡം...അമ്മയും രണ്ടു പിഞ്ചു മക്കളും.ദൈവമേ, ജീവന്റെ വേദന.എഞ്ചിന്റെ നെഞ്ചകം നീറിത്തുടങ്ങി. പൊടുന്നനെ അതിന് വേഗമേറി. ഭ്രാന്തവേഗം.സൈറണ്‍ നിലയ്ക്കാത്ത നിലവിളിയായി.ഡ്രൈവറുടെ ക്യാബിനില്‍ അമ്പരപ്പും ഭയവും പരിഭ്രാന്തിയായി കത്തിത്തുടങ്ങി.എ. സി. കോച്ചില്‍നിന്നും അന്നേരം ചിരിയുയരു ന്നുണ്ടായിരുന്നില്ല.യന്ത്രത്തിന് മനസ്സാക്ഷി നല്കി കളിച്ച ദൈവം മാത്രം ചിരിച്ചു.തീവണ്ടി ആര്‍ത്തലച്ച് പാഞ്ഞ്, നദിക്കു മുകളില്‍ പാളമുപേക്ഷിച്ച് പാലത്തിന്റെ കൈവരിയില്‍ തല മുട്ടിച്ചുനിന്നു കിതച്ചു.വരണ്ടുണങ്ങിയ നദിയിലെ ഇത്തിരി വെള്ളത്തിലെ പരല്‍ മീനുകള്‍ അതുകണ്ട് നടുങ്ങി.
Subscribe to:
Posts (Atom)