Saturday, February 9, 2013

നിരപരാധം

 സ്സ്‌ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പുറകിലിരുന്ന സുന്ദരപുരുഷന്മാരുടെ ചര്‍ച്ച മുറിഞ്ഞു. ചിലരുടെ നെറ്റി മുന്നിലെ സീറ്റില്‍ മുട്ടി. മറ്റു ചിലരുടെ നടുവുളുക്കി. പുറത്തേക്കു തെറിച്ച തെറിവാക്കുകളെ അവര്‍ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ടാവണം പണിപ്പെട്ട്‌ പിടിച്ചു നിര്‍ത്തി.
 അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയായിരുന്നു ആ പുരുഷപ്രജകളുടെ ആനന്ദപ്രദമായ ചര്‍ച്ചാവിഷയം.
 പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ മുപ്പതുദിവസത്തോളം പല സ്ഥലങ്ങളിലും കൊണ്ടുപോയി പിച്ചിച്ചീന്തി നശിപ്പിച്ച മുപ്പതുപേരില്‍ ഒരാളൊഴികെ എല്ലാവരെയും ഉന്നതനീതിപീഠം വെറുതേ വിട്ടിരിക്കുന്നു. പെണ്‍കുട്ടിയുടെ സീറ്റിനുപുറകിലെ പുരുഷന്മാര്‍ അത്‌ ആവേശത്തോടെ, ആമോദത്തോടെ, ആശ്വാസത്തോടെ ചര്‍ച്ച ചെയ്യുകയാണ്‌. മുപ്പതുദിവസം പലസ്ഥലങ്ങളിലും കൊണ്ടുപോകവേ പെണ്‍കുട്ടിക്ക്‌ രക്ഷപെടാന്‍ അവസരങ്ങളുണ്ടായിട്ടും എന്തുകൊണ്ട്‌ രക്ഷപെട്ടില്ല എന്ന, വിധി പ്രസ്‌താവത്തിനിടയിലെ നീതിപീഠത്തിന്റെ ചോദ്യമാണ്‌ അവരെ ഏറ്റവും രോമാഞ്ചം കൊള്ളിച്ചത്‌. എത്ര ആണത്തമുള്ള കോടതി. കോടതിയായാല്‍ ഇങ്ങനെ വേണം.
 അന്നേരം, പെണ്‍കുട്ടി തലയില്‍ മൂടിയിരുന്ന ഷാള്‍ ഒന്നുകൂടി മുറുകെ കെട്ടി. അവള്‍ക്ക്‌ ആ ശീതക്കാറ്റിലും വിയര്‍ക്കാന്‍ തുടങ്ങി. പൊടുന്നനെ ഓര്‍മ്മകളുടെ ഒരു തീക്കാറ്റ്‌ ഉള്ളിലേക്ക്‌ വീശിയടിച്ച്‌ അവളെ പൊള്ളിച്ചു.
 കപട സ്‌നേഹത്തിന്റെ കെണിയില്‍പ്പെട്ട്‌ വീടുപേക്ഷിച്ച്‌ കാമുകനോടൊപ്പം പുറപ്പെട്ട ദിവസംതന്നെ അയാള്‍ അവളുടെ ആത്മാവിനെ ആക്രമിച്ചു കൊന്നിരുന്നു. കാട്ടുമൃഗത്താല്‍ മുറിവേറ്റ ശരീരം പിന്നെയും ജീവിച്ചു. പുറത്തുനിന്നു പൂട്ടിയ നരച്ച ചുമരുകളുള്ള മുറിയിലേക്ക്‌ ക്യൂ പാലിച്ചു നിന്ന ചെന്നായ്‌ക്കള്‍ പിന്നെയും പിന്നെയും വന്നു. പല നിറമുള്ളവ. പല പ്രായമുള്ളവ.
 കാമുകന്‍ അന്നേരം വാതില്‍ക്കല്‍ കാവല്‍ നായയായി. രക്തപാനികളെ പുതുരക്തത്തിന്റ മാധുര്യം കുരച്ച്‌ ബോധ്യപ്പെടുത്തി അകത്തേക്കാ നയിക്കുന്ന ഒരു കറുത്ത തെരുവ്‌ നായ.
 മനുഷ്യന്‍ അവന്റെ വസ്‌ത്രത്തിനും തൊലിക്കു മടിയില്‍ സൂക്ഷിച്ചിരിക്കുന്ന കാട്ടുമൃഗങ്ങള്‍ ഉണര്‍ന്നു വരുന്ന മായക്കാഴ്‌ച.
ചിരിക്കാന്‍ കഴിയുന്ന മൃഗങ്ങളുടെ രക്തം പുരണ്ട തേറ്റപ്പല്ലുകള്‍ കണ്ടുകണ്ട്‌ അവളുടെ കണ്ണുകള്‍ നീറി.
 കാഴ്‌ചയുടെ നരകത്തീയ്‌.

 പരമവേദനയുടെ കനലുകള്‍ .
കൊടിയ അപമാനത്താല്‍ നീറിനീറി പലവട്ടം മരിച്ചു. എങ്കിലും ജീവന്‍ വേര്‍പെടുത്താന്‍ അനുവദിക്കാതെ നായ കാവല്‍നിന്നു. താവളങ്ങള്‍ മാറിമാറിപ്പോയ വേദനയുടെ ദിനരാത്രങ്ങളിലെപ്പോഴൊ കണ്ണുകളില്‍ തിരിച്ചറിവുകളുടെ പ്രകാശം കെട്ടുപോയിരുന്നു.
 ചെന്നായ്‌ക്കളാല്‍ കൊന്നുവളഞ്ഞുവയ്‌ക്കപ്പെട്ട ഒരു മാംസത്തുണ്ടായിത്തീര്‍ന്നു അവള്‍. അപമാനത്തിന്റെ അടിത്തട്ടുകണ്ട ഒരു ചെറിയ ജീവന്‍ ആ ഇരയില്‍ സ്‌പന്ദിച്ചിരുന്നത്‌ കാവല്‍നായയായ ഇരുകാലിക്കുപോലും കാണാന്‍ കണ്ണുണ്ടായില്ല.
 മനുഷ്യന്‍ എന്നത്‌ തീര്‍ച്ചയായും ഒരു മഹത്തായ പദം തന്നെ.
 രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും രക്ഷപെട്ടില്ല എന്ന കുറ്റം ഇരയുടെ മേല്‍ ചുമത്തി നീതിപീഠം ചെന്നായ്‌ക്കളെ വെറുതേവിടുകയും കാവല്‍പ്പട്ടിക്കു മാത്രം ചെറുശിക്ഷ വിധിക്കുകയും ചെയ്‌തു.
 മനുഷ്യന്‍ എന്ന പദം മാത്രമല്ല, ന്യായം, നീതി, നിയമം തുടങ്ങിയ പദങ്ങളും മഹത്തരംതന്നെയെന്ന്‌ ആ വാര്‍ത്ത വായിക്കവേ പെണ്‍കുട്ടി അറിഞ്ഞു.
രക്ഷപ്പെടാന്‍ അവസരമുണ്ടായിട്ടും മാന്‍കുട്ടി രക്ഷപെട്ടില്ല. ചെന്നായ്‌ക്കള്‍ എന്തു പിഴച്ചു? പാവം ചെന്നായ്‌ക്കള്‍ .
 അവള്‍ ഓര്‍ത്തു: അച്ഛനും അമ്മയും എവിടെ യായിരിക്കും ഇപ്പോള്‍ ? അപ്പീല്‍ കൊടുക്കാന്‍ വക്കീലിനൊപ്പം... ഏതു മുജ്ജന്മ പാപത്തിന്റെ ഫലമാണ്‌ അവര്‍ അനുഭവിച്ചു തീര്‍ക്കുന്നത്‌.
 പത്രവാര്‍ത്ത അവളെ ഒട്ടും ഞെട്ടിച്ചില്ല. അവള്‍ അത്‌ നിസ്സംഗതയോടെ വായിച്ചു. പക്ഷേ അച്ഛനും അമ്മയും തകര്‍ന്നുപോയി. അച്ഛന്‍ അതു പ്രകടിപ്പിച്ചില്ല. അമ്മ നിലവിളിച്ചു കരഞ്ഞു.
 അവള്‍ക്ക്‌ കൗതുകം പകര്‍ന്നത്‌ വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായിരുന്നു. പ്രതികള്‍ കോടതിയില്‍നിന്നും സന്തോഷ ത്തോടെ പുറത്തിറങ്ങിവരുന്ന ചിത്രത്തിനു താഴെ വക്കീലന്മാരുടെയും വിധികര്‍ത്താവായ നിയമജ്ഞന്റെയും ചിത്രമുണ്ടായിരുന്നു.
 വിധികര്‍ത്താവിന്റെ ചിത്രത്തില്‍ പെണ്‍കുട്ടിയുടെ കണ്ണുകളുടക്കി നിന്നു. തലയൊക്കെ നരച്ചുതുടങ്ങിയ ഒരു മുത്തച്ഛന്‍. പക്ഷേ, കണ്ണില്‍ കണ്ണടയില്ല.
അന്നേരം അവള്‍ , തന്റെ ബാഗില്‍ അനാഥമായി ക്കിടക്കുന്ന വെള്ളെഴുത്ത്‌ കണ്ണടയെക്കുറിച്ചോര്‍ത്തു.
 ആരുടേയോ ഒരു കണ്ണട.
കൊടും വേദനയുടെ, അവമതിയുടെ ദിനരാത്രങ്ങളില്‍ മുഖങ്ങള്‍ ഓര്‍മ്മയില്‍ നിന്നും ഒലിച്ചു പോയിരുന്നു. ഏതോ ഒരു പാവം നിരപരാധി മുത്തച്ഛന്റെ നിരപരാധിയായ കണ്ണട.
 വസ്‌ത്രങ്ങള്‍ വാരിനിറച്ചപ്പോള്‍ കിടക്കയില്‍ നിന്നും അതും തന്റെ ബാഗില്‍ പെട്ടുപോയതാണ്‌.
 കണ്ണട എവിടെയെന്നോര്‍ത്ത്‌ വിഷമിക്കുകയാവും ആ മുത്തച്ഛന്‍. പാവം. പീഡിപ്പിക്കപ്പെടുന്ന പെണ്‍ കുട്ടികള്‍ മുഖങ്ങള്‍ ഓര്‍ത്തു വച്ച്‌ വെള്ളെഴുത്തു കണ്ണടകള്‍ തിരിച്ചേല്‍പ്പിക്കണം എന്ന ഒരു കോടതി വിധിയും കൂടി ഉണ്ടാകേണ്ടതാണ്‌.
 പത്രത്തിലെ വിധികര്‍ത്താവായ മുത്തച്ഛനും കണ്ണടയില്ലല്ലോ. കണ്ണടവയ്‌ക്കേണ്ട പ്രായമൊക്കെ കഴിഞ്ഞു. ഒരു പക്ഷേ നഷ്‌ടപ്പെട്ടുപോയതായിരിക്കുമോ? ആയിരിക്കാം. തിടുക്കം പൂണ്ട ചില സന്ദര്‍ഭങ്ങളില്‍ സൂക്ഷിച്ചില്ലെങ്കില്‍ പലതും മറന്നുവച്ച്‌ നഷ്‌ടപ്പെട്ടുപോകും.
 കണ്ണടയില്ലാതിരുന്നാല്‍ മുത്തച്ഛന്‍ നിയമഗ്രന്ഥങ്ങളിലെ ചെറിയ അക്ഷരങ്ങള്‍ എങ്ങനെ കാണും? അവ വായിച്ച്‌ എങ്ങനെ വ്യാഖ്യാനിക്കും?
 കറുത്തിരുണ്ട വിധിന്യായങ്ങള്‍ കൂടിവരുന്നതിനു കാരണം ഒരു പക്ഷേ, ഈ പാവം മുത്തച്ഛന്മാര്‍ക്ക്‌ കണ്ണടകള്‍ ഇല്ലാത്തതു കൊണ്ടാകാം.
നിരപരാധികളുടെ എണ്ണം അനുദിനം കൂടി വരുന്നതും അതുകൊണ്ടാകാം.
 ഈ മുത്തച്ഛന്‌ കണ്ണടയില്ലാത്തുകൊണ്ടുമാത്രം ഇദ്ദേഹത്തിന്റെ പ്രതിക്കൂട്ടില്‍ നിന്ന്‌ ഇനിയും നിരപരാധികള്‍ വരിവരിയായി ഇറങ്ങിവരും. 
 അതുപാടില്ല.അവള്‍ ബാഗിനുള്ളില്‍ നിന്നും കണ്ണട തപ്പി യെടുത്തു. കട്ടിലെന്‍സുള്ള ഒരു വെള്ളെഴുത്തു കണ്ണട. തീര്‍ച്ചയായും പത്രത്തിലെ നിയമജ്ഞന്‍ മുത്തച്ഛന്‌ ഒരു കണ്ണടയുടെ കുറവുണ്ട്‌. ഒരു പക്ഷേ, നഷ്‌ടപ്പെട്ടതാണെങ്കില്‍ അത്‌ തന്റെ പക്കലുള്ള കണ്ണട യാകാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു നടുക്കുന്ന ചിന്ത കൊള്ളിയാന്‍ പോലെ അവളുടെ ഉള്ളിലൂടെ പാഞ്ഞുപോയി.
 അവളുടെ ഉള്ളില്‍ എന്തൊക്കെയോ വീണ്ടും നീറിപ്പിടിച്ച്‌ പുകയാന്‍ തുടങ്ങി.
 അവള്‍ അന്നേരം വീട്ടില്‍ ഒറ്റയ്‌ക്കായിരുന്നു. അച്ഛനും അമ്മയും രാവിലെ തന്നെ അപ്പീലിന്റെ ആശ്വാസം തേടി വക്കീലിനെ കാണാന്‍ പോയി. പൊയ്‌ക്കോട്ടെ. പ്രതീക്ഷകള്‍ പെട്ടെന്ന്‌ അവസാനി ക്കാത്തതുതന്നെ നല്ലത്‌.
 വീട്‌ പുറത്തുനിന്ന്‌ പൂട്ടിയിരുന്നു. ഉമ്മറത്തേക്കിറങ്ങരുതെന്ന്‌ അവളെ അച്ഛന്‍ ഓര്‍മ്മപ്പെടുത്തിയത്‌ അവള്‍ ഓര്‍ത്തു. നീറിവീട്ടുതടങ്കലിന്റെ നിയമങ്ങള്‍ .
 അവള്‍ കണ്ണടയെടുത്ത്‌ ഒരു തൂവാലയില്‍ പൊതിഞ്ഞ്‌ ബാഗില്‍ വച്ചു. വസ്‌ത്രങ്ങള്‍ മാറ്റി തലയില്‍ ഒരു ഷാള്‍ മൂടിക്കെട്ടി.
 പിന്നെ, അടുക്കളയില്‍ കയറി മുനയും മൂര്‍ച്ചയുമുള്ള ഒരു കത്തി തിരഞ്ഞെടുത്തു.
അതും കണ്ണടയ്‌ക്കൊപ്പം ബാഗില്‍ വച്ചു.
 പുറകിലെ കതകുതുറന്ന്‌ പുറത്തേക്കിറങ്ങുമ്പോള്‍ അവളുടെ ഉള്ള്‌ നീറി.
 തിരികെക്കയറി തന്റെ മേശപ്പുറത്ത്‌ ചില്ലിട്ടു വച്ചിരുന്ന ഒരു ചിത്രം അവളെടുത്തു. അച്ഛനും അമ്മയും മൂന്നുവയസ്സുള്ള അവളും. പൊടുന്നനെ അവള്‍ ആ ഫോട്ടോയില്‍ കെട്ടിപ്പിടിച്ച്‌ കമഴ്‌ന്നുകിടന്നു തേങ്ങി.
 പിന്നെ, എഴുന്നേറ്റ്‌ കതകുചാരി റോഡിലിറങ്ങി. ബസ്സ്‌സ്റ്റോപ്പില്‍ നിന്നും ആരുടെയും ശ്രദ്ധയില്‍ പ്പെടാതെ ബസ്സില്‍ കയറിപ്പറ്റാന്‍ അവള്‍ നന്നേ പാടുപെട്ടു.
 ഇപ്പോള്‍ , ബസ്സ്‌ നഗരത്തിലേക്കു കടന്നിരിക്കുന്നു. പുറകിലെ കോമളപൗരന്മാര്‍ ഇടയ്‌ക്ക്‌ എപ്പോഴോ ഇറങ്ങി.
 അവള്‍ ബസ്സ്‌സ്റ്റോപ്പിലിറങ്ങി ഒരു ഓട്ടോയില്‍ കയറി പോകേണ്ടിടം പറഞ്ഞു.
 ഒരു വലിയ വീട്‌. കാവല്‍ക്കാരന്‍ .
 മുഖത്ത്‌ ഘടിപ്പിച്ചുവച്ച കൃത്രിമാഹ്‌ളാദത്തോടെ `അങ്കിളില്ലേ' എന്ന ഒരു ചോദ്യത്തില്‍ കാവല്‍ക്കാരന്റെ കടമ്പയെ അതിജീവിക്കാന്‍ അവള്‍ക്കു കഴിഞ്ഞു.
 പിന്നെയും അയാളില്‍ ബാക്കിനിന്ന ചെറു സന്ദേഹം അവള്‍ വശ്യമായ ഒരു ചിരികൊണ്ട്‌ അലിയിച്ചു കളഞ്ഞു.
 അയാള്‍ അവളെ അകത്തേക്കു നയിച്ചു.
 കാവല്‍ക്കാരന്‍ തിരികെ നടന്ന്‌ പുറത്തെ ഗേറ്റിലെത്തിയ ശേഷമേ അവള്‍ കാളിങ്‌ ബെല്‍ അമര്‍ത്തിയുള്ളു.
 വൃദ്ധനായ നീതിപാലകന്‍ വാതില്‍ തുറന്നു.
 അവള്‍ വിധികര്‍ത്താവിന്‌ ഒരു പുഞ്ചിരി സമ്മാനിച്ചു. പക്ഷേ, അയാള്‍ക്ക്‌ ചിരിക്കാനായില്ല.
 അയാളുടെ അതിശയം മാറുന്നതിനു മുമ്പുതന്നെ അവള്‍ ബാഗില്‍ നിന്നും കണ്ണടയെടുത്ത്‌ ഇടംകൈ കൊണ്ട്‌ അയാള്‍ക്ക്‌ നീട്ടി.
 അമ്പരപ്പും വിസ്‌മയവും അയാളെ മൂടി.
 അതു വാങ്ങാന്‍ കൈ നീട്ടുമ്പോള്‍ അയാള്‍ എന്തോ പറയാന്‍ തുടങ്ങിയെങ്കിലും അതു പുറത്തു വന്നില്ല.
 അന്നേരം, അവളുടെ വലതു കൈ ബാഗിനുള്ളിലെ കത്തിപ്പിടിയില്‍ അമര്‍ന്നു.
 ഒരു നിമിഷം.
 കാവല്‍ക്കാരന്‌ കേള്‍ക്കാന്‍പോലും ഒച്ചയുണ്ടായിരുന്നില്ല അയാളുടെ ദുര്‍ബലമായ ഞരക്കത്തിന്‌.
 ഭിത്തിയിലെ ഘടികാരത്തിലെ നിമിഷസൂചിക്ക്‌ ഒട്ടും ദുര്‍ബലമല്ലാത്ത ആ നിമിഷത്തെ രേഖപ്പെടുത്താന്‍ ആയാസപ്പെടേണ്ടി വന്നു.
 അനന്തരം, ആകാശം പൊട്ടിപ്പൊളിഞ്ഞ്‌ താഴെ വീണ്‌ തകരുകയോ സൂര്യന്‌ പഥഭ്രംശം സംഭവിക്കുകയോ ചന്ദ്രനും നക്ഷത്രങ്ങളും കൊഴിഞ്ഞു വീഴുകയോ ഉണ്ടായില്ല.
 വൃദ്ധന്റെ അലമാരയില്‍ വര്‍ഷങ്ങളായി തുറന്നു നോക്കാതെ പൊടിപിടിച്ചിരുന്ന നീതിശാസ്‌ത്ര ഗ്രന്ഥങ്ങളിലെ ചിതലുകള്‍ മാത്രം ഒരു നിമിഷം സന്ദേഹികളായി.