Friday, November 13, 2009

അവര്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യുമ്പോള്‍

കൃഷ്‌ണന്‍കുട്ടി സന്ദേഹങ്ങളാല്‍ ഉലഞ്ഞു.
അയാളുടെ നീതിബോധം അയാള്‍ക്കു ഭാരമായി.
സായാഹ്നപത്രം മടക്കി അയാള്‍ എഴുന്നേറ്റു.
സദ്ദാംഹുസൈനെ തൂക്കിലേറ്റിയ ദാരുണ വാര്‍ത്തയായിരുന്നു അന്നത്തെ പത്രത്തിന്റെ ചുവന്ന തലക്കെട്ട്‌. അതിനുതാഴെ, `വിദേശവായ്‌പ അനിവാര്യം; വ്യവസ്ഥകള്‍ അംഗീകരിക്കും' എന്ന മന്ത്രി സഖാവിന്റെ പ്രസ്‌താവനയും.
ആ വാര്‍ത്തകള്‍ കൃഷ്‌ണന്‍കുട്ടിയെ ആകെ ഭയപ്പെടുത്തി. സദ്ദാമിനെ തൂക്കിലേറ്റുമ്പോള്‍ ചുറ്റാകെ നിന്ന ചില വെളുത്ത സൈനികള്‍ ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചവിട്ടി എന്ന ഭാഗത്തെ ത്തിയപ്പോള്‍ അയാള്‍ക്കു വായന നിര്‍ത്തേണ്ടിവന്നു. മന്ത്രിയുടെ പ്രസ്‌താവനയും അയാള്‍ക്ക്‌ പൂര്‍ത്തിയാക്കാനായില്ല.
ഇവറ്റകള്‍ ആരാണ്‌?
കൃഷ്‌ണന്‍കുട്ടിയുടെ ഉള്ളില്‍ രോഷമുറഞ്ഞ്‌ കനംതൂങ്ങി. അയാള്‍ വായനശാലയില്‍നിന്നും ഇരുട്ടിലിറങ്ങി നടന്നു.
പാര്‍ട്ടിയാഫീസില്‍ പ്രകാശമുണ്ടായിരുന്നു. സെക്രട്ടറി പോയിട്ടില്ല.
``സഖാവേ, ഇതൊക്കെ എങ്ങനെ സംഭവിക്കുന്നു? നീതിക്ക്‌ എത്ര മുഖമുണ്ട്‌''?
സെക്രട്ടറി പൊട്ടിച്ചിരിച്ചു. ആ ചിരികേട്ട്‌ കൃഷ്‌ണന്‍കുട്ടി കൂടുതല്‍ പേടിച്ചു.
വീട്ടിലെത്തിയപ്പോള്‍ ഉമ്മറത്തെ വെളിച്ചം മങ്ങിക്കത്തുന്നുണ്ടായിരുന്നു. അതിനുതാഴെ നില ത്തിരുന്ന്‌ മകന്‍ ചരിത്രപാഠങ്ങള്‍ ഉറക്കെ വായിച്ചു പഠിക്കുകയാണ്‌ - വാറല്‍ ഹേസ്റ്റിംഗ്‌സിന്റെ ഭരണ പരിഷ്‌കാരങ്ങള്‍.
ഭാര്യ കഞ്ഞിവിളമ്പി. അയാളുടെ വിശപ്പ്‌ കെട്ടുപോയിരുന്നു.
അന്നുരാത്രി അയാളെ ദുഃസ്വപ്‌നങ്ങളുടെ വേട്ടനായ്‌ക്കള്‍ പുലരുംവരെ പിന്തുടര്‍ന്നു.
അയാളുടെകൂരയില്‍ ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ യന്ത്രത്തോക്കുകളുമായി അവര്‍ എത്തുന്നു.
``ഗഡുമുടങ്ങിയിരിക്കുന്നു'' - അവര്‍ അറിയിക്കുന്നു.
``എവിടെ നിന്റെ ഭാര്യ? മക്കള്‍?''
ഒന്നു ഞെട്ടിയുണരാന്‍ പോലും കഴിയാതെ അയാളെ ആ ദുഃസ്വപ്‌നം പുലരുംവരെ കീഴ്‌പ്പെടുത്തി.
പുലര്‍ച്ചെ അയാള്‍ ഉണരുന്ന നേരമായിട്ടും ഉണരാഞ്ഞപ്പോള്‍ ഭാര്യ അയാളെ കുലുക്കി വിളിച്ചു.
അയാള്‍ അവശനായിരുന്നു.
പണിപ്പെട്ട്‌ അയാള്‍ എഴുന്നേറ്റു.
``എന്തുപറ്റി നിങ്ങള്‍ക്ക്‌''? - ഭാര്യ ഉത്‌കണ്‌ഠയോടെ തിരക്കി.
അയാള്‍ ഭാര്യയെ തുറിച്ചുനോക്കി. പിന്നെ പതിയെ പറഞ്ഞു: ``ഒന്നുമില്ല.''
മഴ പെയ്യുന്നൂണ്ടായിരുന്നു. ക്രമേണ മഴ കനത്തു.
അന്നയാള്‍ പണിസ്ഥലത്തേക്കു പോയില്ല. മഴയത്ത്‌ പാറമടയില്‍ പണി നടക്കില്ല.
ഭാര്യ അയാളോട്‌ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കുട്ടികളുടെ ഫീസ്‌, തന്റെ മരുന്നുകള്‍, പറ്റുകടയില്‍ പെരുകുന്ന കടം, സഹകരണ ബാങ്കില്‍ നിന്നും ജപ്‌തി നോട്ടീസ്‌ വീണ്ടൂം വന്നത്‌...
അയാള്‍ എല്ലാം കേട്ടിട്ടും ഒന്നും കേള്‍ക്കുന്നു ണ്ടായിരുന്നില്ല.
കുറേനേരം കൂടി മഴ നോക്കിനിന്നശേഷം അയാള്‍ കുടയുമെടുത്ത്‌ ഇറങ്ങി.
വായനശാലയില്‍ അയാള്‍ ഒറ്റയ്‌ക്കായിരുന്നു.
പത്രമെടുത്ത്‌ വെറുതേ അകപ്പേജുകള്‍ നോക്കി. വാര്‍ത്തകള്‍ക്കു മീതെ അയാളുടെ കണ്ണുകള്‍ പരതി നടന്നു.
എല്ലാം അസ്വസ്ഥതയുടെ വിത്തുകള്‍.
`തോട്ടം തൊഴിലാളികള്‍ പട്ടിണിയില്‍'
`കടക്കെണി: രണ്ടു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്‌തു.'
`പാര്‍ട്ടിയെ കാലത്തിനൊത്ത്‌ മാറ്റണം' - പാര്‍ട്ടി സെക്രട്ടറി.
`ആഗോളീകരണം അനിവാര്യം' - മന്ത്രി.
`മാഫിയാതലവനില്‍ നിന്ന്‌ ചിലര്‍ കോടികള്‍ കൈപ്പറ്റി.'
ഏറ്റവും മുകളില്‍ ഒരു വലിയ കളര്‍ ചിത്രം. പാര്‍ട്ടി സമ്മേളനത്തില്‍ വിശിഷ്‌ട ക്ഷണിതാവായി അണികളെ അഭിസംബോധന ചെയ്യുന്ന സൂപ്പര്‍ സിനിമാതാരം. അദ്ദേഹത്തിന്റെ നവപ്രത്യയശാസ്‌ത്ര സംബന്ധിയായ പ്രസംഗം ആരാധനയോടും വിധേയഭാവത്തോടും വായതുറന്നു കേട്ടിരിക്കുന്ന അണികള്‍.
അയാള്‍ ആ ചിത്രത്തിലെ നിശ്ശബ്‌ദരായി നിലകൊള്ളുന്ന ചെങ്കൊടികളോടൊപ്പമായിരുന്നു. കാറ്റില്‍ പറക്കാതെ തലകുനിച്ച്‌ നിരനിരയായി...
ഇടനെഞ്ചില്‍ അയാള്‍ക്ക്‌ ഒരു നീറ്റല്‍ തോന്നി.
പേജ്‌ മറിക്കവേ, വര്‍ഗ്ഗീയ വാദികള്‍ വധിച്ച രണ്ടുസഖാക്കളുടെ ചിത്രം. പണി സ്ഥലത്തുനിന്ന്‌ മടങ്ങിവരവേ, വഴിയില്‍ വച്ച്‌...
അയാള്‍ക്ക്‌ ആ വാര്‍ത്തയും മുഴുവനാക്കാനായില്ല. അയാളുടെ കൈ അറിയാതെ ചെവിക്കു മുകളിലെ വെട്ടേറ്റ പാടില്‍ പരതി. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാട്‌.
ഓരോ വെട്ടേല്‍ക്കുമ്പോഴും, ബോധം കൈവിടും വരെ മുഷ്‌ടി താഴ്‌ന്നിരുന്നില്ല.
ഉള്ളിലും കണ്ണുകളിലും നേരിയ കാഴ്‌ച തെളിയുമ്പോള്‍ ആശുപത്രിക്കിടക്കയ്‌ക്കു ചുറ്റും നിന്ന സഖാക്കളുടെ മുഖങ്ങള്‍.
സഖാവേ...
രക്തം രക്തത്തെ തിരിച്ചറിയുന്ന വിളി.
അയാള്‍ ബഞ്ചില്‍ ചാരിയിരുന്ന്‌ കണ്ണുകളടച്ചു.
ക്ഷീണം കൊണ്ട്‌ അയാള്‍ മയങ്ങിപ്പോയി.
അയാള്‍ അയാളെത്തന്നെ സ്വപ്‌നം കണ്ടു.
വിദേശ കുത്തകകള്‍ക്ക്‌ വാതില്‍ തുറന്നു കൊടുക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള മാര്‍ച്ചില്‍ കൊടിയുമേന്തി പോലീസുകാരുടെ അടിയേറ്റു വീഴുന്ന അയാള്‍.
പാര്‍ട്ടിയോഗങ്ങളില്‍ നേതാക്കളെ കേള്‍ക്കാന്‍ വേദിക്കു മുമ്പില്‍ സ്ഥാനം പിടിക്കുന്ന അയാള്‍.
രാത്രിയില്‍ പോസ്റ്ററും പശയുമായി തെരുവിലൂടെ നീങ്ങുന്ന അയാള്‍.
പാര്‍ട്ടി വിജയിച്ച്‌ അധികാരമേറിയപ്പോള്‍ തെരുവില്‍ ആഹ്ലാദ പ്രകടനങ്ങള്‍ക്കിടയില്‍ അയാള്‍.
പതിയെ ചിത്രങ്ങള്‍ക്ക്‌ നിറം മങ്ങി. ഇപ്പോള്‍, പണികഴിഞ്ഞുവരുന്ന അയാള്‍ക്കുനേരെ ഒരു കവചിത വാഹനം. ച്യൂയിംങ്‌ഗം ചവച്ചുകൊണ്ട്‌ ഒരു സായിപ്പ്‌ ഇറങ്ങിവരുന്നു. കൂടെ രണ്ട്‌ അനുചരന്മാര്‍.
അവരും ച്യൂയിങ്‌ഗം ചവയ്‌ക്കുന്നുണ്ടായിരുന്നു.
പൊടുന്നനെ, സായിപ്പിന്റെ ഓരത്ത്‌ ആജ്ഞാനുവര്‍ത്തികളായി നില്‍ക്കുന്ന അനുചരന്മാരിലൊരാളുടെ മുഖം സെക്രട്ടറിയുടേതാണെന്നു കണ്ട്‌ അയാള്‍ നടുങ്ങിയുണര്‍ന്നു.
അന്നേരം വായനശാലയില്‍ മറ്റാരുമുണ്ടായിരുന്നില്ല.
റോഡിന്റെ ഓരത്തെ മരത്തണലില്‍ കുറേ ചെറുപ്പക്കാര്‍ ചീട്ടുകളിക്കുന്നുണ്ടായിരുന്നു.
ഇപ്പോള്‍ തുറന്ന കണ്ണുകള്‍ക്കുമുന്നിലും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ കൊലച്ചിരിയുമായി ചിലര്‍... കണ്ണുകള്‍ അടച്ചാലും തുറന്നാലും ഒരേ കാഴ്‌ച.
അവര്‍ അയാള്‍ക്കുചുറ്റും ച്യൂയിങ്‌ഗം ചവച്ചുകൊണ്ട്‌ നൃത്തം ചെയ്യാന്‍ തുടങ്ങി.
മഴ അയാളെ വിളിച്ചു. അയാള്‍ മഴയിലേക്കിറങ്ങി.
പിറ്റേന്ന്‌, അന്തര്‍ദേശീയ ധനകാര്യസ്ഥാപനത്തിന്റെ പ്രതിനിധികളും ഇടതുപക്ഷ സര്‍ക്കാരും വായ്‌പാകരാര്‍ ഒപ്പിടുന്ന വലിയ വര്‍ണചിത്രവും വാര്‍ത്തയും അച്ചടിച്ച പത്രത്തിന്റെ അകപ്പേജുകളിലൊന്നില്‍, പ്രാദേശിക വാര്‍ത്തകള്‍ക്കിടയില്‍, `മരിച്ച നിലയില്‍ കാണപ്പെട്ടു' എന്ന വാര്‍ത്ത യോടൊപ്പം ചേര്‍ത്തിരുന്ന അയാളുടെ മങ്ങിയ ചിത്രം അധികമാരും തിരിച്ചറിഞ്ഞില്ല.