Sunday, June 20, 2010

ബോധാസ്തമയം

ബോധോദയത്തിനുശേഷം,മരുഭൂമി പോലെ തോന്നുന്ന ഒരു പ്രദേശത്തുകൂടി നടക്കുകയായിരുന്നു ബുദ്ധന്‍ .പൊള്ളുന്ന വെയിലില്‍ ബുദ്ധന്‍ പിടഞ്ഞു.ഒരു തണലിനുവേണ്ടി ദാഹിച്ചു.പക്ഷേ ഒരു വൃക്ഷത്തിന്റെ പച്ച അകലെപ്പോലും കാണുവാന്‍ കഴിഞ്ഞില്ല.
പെട്ടന്ന്,നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഒരു കീറത്തുണി വിരിച്ച്‌ ഇത്തിരി തണലുണ്ടാക്കി അതിനുതാഴെ ചുരുണ്ടുകിടക്കുന്ന ഒരുവനെ ബുദ്ധന്‍ കണ്ടു.യാത്രക്കിടയില്‍ വിശന്നുതളര്‍ന്ന് വീണുപോയതാവണം.ദയനീയമായ രൂപമായിരുന്നു അയാളുടേത്‌.ബുദ്ധനെ കണ്ടപ്പോള്‍ വളരെ പ്രയാസപ്പെട്ട്‌ അയാള്‍ എഴുന്നേറ്റിരുന്നു.വരണ്ടുണങ്ങിയ അയാളുടെ തൊണ്ടയ്ക്ക്‌ ശബ്ദിക്കുവാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല.എങ്കിലും അയാളുടെ ദാഹവും വിശപ്പും കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയും ബുദ്ധന്‍ ദര്‍ശന മാത്രയില്‍ത്തന്നെ അറിഞ്ഞു.ബുദ്ധന്റെ ഉള്ളലിഞ്ഞു.പക്ഷേ, അയാള്‍ക്ക്‌ നല്‍കാന്‍ ബുദ്ധന്റെ കൈയില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.ബുദ്ധന്‍ അയാളെ നോക്കി ഇങ്ങനെ പറഞ്ഞു:"മകനേ,നിന്റെ മുഖം ദുഖാകുലമായിരിക്കുന്നുവല്ലോ.ആഗ്രഹങ്ങളാണ്‌ മകനേ ദുഖത്തിന്‌ കാരണം."
ഇതു പറഞ്ഞശേഷം, കത്തുന്ന വെയിലില്‍ നിന്ന് അയാളുടെ കീറത്തുണിയുടെ തണലിലേക്ക്‌ കയറിയിരുന്ന് ബുദ്ധന്‍ ആശ്വാസത്തോടെ നിശ്വസിച്ചു.മുഖമുയര്‍ത്തിനോക്കിയ ബുദ്ധന്‍ കണ്ടത്‌ തന്നെ നോക്കി ചിരിക്കുന്ന അയാളെയാണ്‌.വല്ലാത്ത ആ ചിരിയില്‍ ബുദ്ധന്‍ പരുങ്ങി.തന്റെ അമളി മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കീറത്തുണിയുടെ തണലിന്റെ ശീതളിമയില്‍ നിന്ന് പൊള്ളുന്ന വെയിലിലേയ്ക്ക്‌ ബുദ്ധന്‍ ഇറങ്ങിനിന്നു.
ബോധത്തിന്‌ ഉദയം മാത്രമല്ല,ചിലപ്പോള്‍ അസ്തമയവുമുണ്ടെന്ന് മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സില്‍ കത്തുന്ന വെയില്‍ച്ചീളുകള്‍ പതിച്ചപ്പ്പ്പോള്‍ ബുദ്ധന്‌ ബോദ്ധ്യമായി.