Saturday, October 10, 2009

അരക്ഷിതം

തോക്കേന്തിയ ഒരു പ്രതിമയായി ന്യൂജനറേഷന്‍ ബാങ്കിന്റെ കണ്ണാടി വാതിലിനു മുന്നില്‍ അയാള്‍.
വെയിലുറയ്‌ക്കുന്നു. ജനങ്ങള്‍ വരവായി.
വ്യവസ്ഥകള്‍ ലളിതം. ഉദാരം.
കറവപ്പശു, വീട്‌, ബൈക്ക്‌, കാര്‍, ഫ്‌ളാറ്റ്‌... ഏതു സ്വപ്‌നമായാലും സാക്ഷാത്‌കാരത്തിന്‌ ആധാരങ്ങളും കുറെ ഒപ്പുകളും മാത്രം മതി.
അയാള്‍ ആദ്യം വന്ന വൃദ്ധനെയും നിറം മങ്ങിയ സാരി ചുറ്റിയ ഒരു സ്‌ത്രീയെയും ആദരവോടെ അഭിവാദ്യം ചെയ്‌തു.
ഓരോ കസ്റ്റമറെയും അവര്‍ കടന്നുവരുമ്പോള്‍ അഭിവാദ്യം ചെയ്യണം എന്നാണ്‌ മാനേജരുടെ ഉത്തരവ്‌.
കൈയില്‍ പഴകി മുഷിഞ്ഞ ഒരു ആധാരത്തിന്റെ ചുരുളുമായി നിന്ന വൃദ്ധന്‌ ചെറിയ വിറയലുണ്ടാ യിരുന്നു. നിസ്സഹായതയുടെ നിഴലുകള്‍ മൂടിയ കണ്ണുകളായിരുന്നു ആ സ്‌ത്രീയുടേത്‌.
അയാള്‍ വൃദ്ധനെ താങ്ങി, പതിയെ കനത്ത ഡോര്‍ തള്ളിത്തുറന്നു കൊടുത്തു. വൃദ്ധനും സ്‌ത്രീയും ബാങ്കിന്റെ ശീതീകരിച്ച ഉള്ളിലേക്കു നടന്നു. ബാങ്ക്‌ ഹാളില്‍ സ്ഥാപിച്ചിട്ടുള്ള ടി.വി.യില്‍ ഒരു വലിയ തിമിംഗലം തന്റെ വായ്‌ തുറന്ന്‌ ഇരയെ അകത്താക്കുന്ന അനിമല്‍ പ്ലാനറ്റ്‌ ചാനലിലെ ദൃശ്യം വാതില്‍ അടയുന്നതിന്‌ മുമ്പ്‌ ഒരു നിമിഷം അയാള്‍ കണ്ടു.
വാതില്‍ അടഞ്ഞപ്പോള്‍ അയാള്‍ക്ക്‌ നെഞ്ചു രുക്കം തോന്നി. അയാള്‍ കൈയിലെ തോക്ക്‌ ഒന്നുകൂടി മുറുക്കി ചേര്‍ത്തുപിടിച്ചു.
പിന്നീട്‌ വന്നത്‌ ഒരു പയ്യനായിരുന്നു. കൈയില്‍ റേഷന്‍ കാര്‍ഡും ആധാരവും. ഒരു 150 സി.സി. ബൈക്കിന്റെ സ്വപ്‌നം കൊണ്ട്‌ അവന്റെ കണ്ണുകള്‍ തിളങ്ങിയിരുന്നത്‌ അയാള്‍ കണ്ടു.
അവന്‌ അയാളുടെ അഭിവാദ്യം ആവശ്യമുണ്ടാ യിരുന്നില്ല. കണ്ണാടി വാതില്‍ തള്ളിത്തുറന്ന്‌ അവന്‍ അകത്തേക്ക്‌ കയറിപ്പോയി.
അയാള്‍ സ്റ്റൂളിലിരുന്നു.
കാലുകളുടെ വേദന പറഞ്ഞ്‌ കേണപേക്ഷിച്ച പ്പോള്‍ അനുവദിച്ചു കിട്ടിയതാണ്‌ സ്റ്റൂള്‍. ബാങ്കിന്റെ നിയമങ്ങള്‍ക്ക്‌ എതിരാണ്‌ അതെന്ന്‌ ഓര്‍മ്മിപ്പിച്ചു കൊണ്ട്‌, കസ്റ്റമേഴ്‌സ്‌ വാതില്‍ക്കല്‍ വരുമ്പോള്‍ ഇരിക്കരുത്‌ എന്ന വ്യവസ്ഥയോടെയാണ്‌ മാനേജര്‍ അതനുവദിച്ചത്‌.
മുന്നിലും പിന്നിലും ക്യാമറയുടെ കറുത്ത നേത്രങ്ങളുണ്ടെന്ന്‌ അയാള്‍ക്കറിയാമായിരുന്നു. തനിക്കു മാത്രമല്ല, പടികടന്നു വരുന്നവര്‍ തിരികെ റോഡിലെത്തുംവരെ അവയുടെ തീക്ഷ്‌ണ നയനങ്ങള്‍ അകമ്പടിയുണ്ട്‌.
തന്റെ അഭിവാദനങ്ങള്‍ക്ക്‌ ഊഷ്‌മളത പോരെന്ന്‌ മാനേജര്‍ കഴിഞ്ഞ ദിവസം ക്യാബിനില്‍ വിളിച്ചു വരുത്തി പറഞ്ഞിരുന്നു.
എല്ലാം അദ്ദേഹം കാണുന്നു, അറിയുന്നു. ഒരു നിശ്വാസം പോലും തനിക്ക്‌ സ്വകാര്യമായില്ല.
തന്റെ പോക്കറ്റിനു മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന തസ്‌തികപ്പേരില്‍ അയാള്‍ വെറുതെ നോക്കി: സെക്യൂരിറ്റി ഓഫീസര്‍!
അയാള്‍ തന്റെ സന്തത സഹചാരിയായ ഇരട്ടക്കുഴല്‍ തോക്കിനെ നോക്കി. തിരയില്ലാത്ത തോക്ക്‌.
വെറുമൊരു ഇരുമ്പു കുഴല്‍.
അയാള്‍ അതിന്റെ ട്രിഗറില്‍ കൈവച്ചു.
അന്നേരം അയാളുടെ ഉള്ളില്‍ ചോരയുടെ ഒരു തിരമാല ആഞ്ഞുവീശി.
അതിര്‍ത്തിയില്‍, ഇരുവശവും വീണുപൊട്ടുന്ന ഷെല്ലുകള്‍. ചീറിപ്പായുന്ന വെടിയുണ്ടകള്‍. മരണത്തിന്റെ നിഴല്‍ തൊട്ടുമുന്നില്‍ കണ്ടിട്ടും അയാള്‍ പതറിയിരുന്നില്ല.
എന്നാല്‍, ജീവിതത്തിന്റെ നൂല്‍പ്പാലത്തില്‍ നില്‍ക്കേ, ചുമലിലെ ഭാരങ്ങള്‍ കൊണ്ട്‌ ഉലഞ്ഞു പോകുന്നു.
പെണ്‍മക്കള്‍, കടങ്ങള്‍... പെന്‍ഷന്‍ കൊണ്ട്‌ പലിശയും മരുന്നും നടക്കില്ല.
ജീവിതം വഴിമുട്ടുമ്പോള്‍, ഘോഷയാത്രയില്‍ വെറും ടാബ്‌ളോയായി നില്‍ക്കേണ്ടിവരുന്ന വേദിക്കു വേണ്ടാതായ കഥകളി വേഷക്കാരന്റെ നീറ്റല്‍.
കാക്കി. തൂവല്‍ പിടിപ്പിച്ച തൊപ്പി. ഉണ്ടയില്ലാത്ത ഒരു തോക്ക്‌.
കോമാളി വേഷക്കാരന്റെ മടുപ്പ്‌.
പുറത്ത്‌ ഒരു വിദേശനിര്‍മ്മിത കാര്‍ വന്നു നിന്നു.
അയാള്‍ എഴുന്നേറ്റ്‌ തോക്ക്‌ നേരേ പിടിച്ചു നിന്നു.
കാറില്‍ നിന്നും ഇറങ്ങി വന്ന ഖദര്‍ധാരിയെ സല്യൂട്ട്‌ ചെയ്‌ത്‌ ആദരവോടെ വാതില്‍ തുറന്നു കൊടുത്തു.
വാതില്‍ അടയുന്നതിനുമുമ്പ്‌ അകത്തുനിന്നും ഒരു നേര്‍ത്ത തേങ്ങല്‍ അയാള്‍ കേട്ടു. നേരത്തേ കടന്നു പോയ സ്‌ത്രീയാണ്‌. വെളുത്ത ഷര്‍ട്ടും കറുത്ത ടൈയും ധരിച്ച തടിയന്‍ സഹമാനേജര്‍ കോപാകുലനായി എന്തൊക്കെയോ അവരോട്‌ പറയുന്നുണ്ട്‌.
ഗഡു മുടങ്ങിയിട്ടുണ്ടാവണം. അവര്‍ക്കുള്ള മണ്ണും കൂരയും ഇനി ബാങ്കിന്റേതാണ്‌ എന്നായിരിക്കും അയാള്‍ പറഞ്ഞിട്ടുണ്ടാവുക.
കെണിയില്‍ വീണ ഇരകള്‍.
അയാള്‍ തോക്കിന്റെ കുഴല്‍ തന്റെ കഴുത്തില്‍ ചേര്‍ത്തുവച്ചു. ലോഹത്തിന്റെ മരവിച്ച തണുപ്പ്‌.
ഞാന്‍ ആരുടെ കാവലാളാണ്‌?
ഉണ്ടയില്ലാത്ത ഒരു തോക്കും താനും.
രണ്ട്‌ പൊള്ള വേഷങ്ങള്‍.
തെരുവില്‍ക്കൂടി ഇപ്പോള്‍ ഒരു പാര്‍ട്ടിയുടെ വികസനയാത്ര കടന്നു പോവുകയാണ്‌. അധിനിവേശ വിരുദ്ധരുടെ പ്രചാരണജാഥയാണ്‌ അതിനെതിരെ വരുന്നത്‌. വാഹനങ്ങള്‍ അക്ഷമയുടെ വീര്‍പ്പുമുട്ടലില്‍ പൊരിവെയിലില്‍ വഴിമുടക്കി നിരനിരയായി കിടക്കുന്നു.
അയാള്‍ സ്റ്റൂളില്‍ നിന്നും എഴുനേറ്റു.
പണയപ്പണ്ടങ്ങളുമായി കടന്നുവന്ന ഒരമ്മയും മകളും അയാളോട്‌ അതെവിടെയാണ്‌ കൊടുക്കേണ്ട തെന്ന്‌ അന്വേഷിച്ചു.
അയാള്‍ അവരുടെ മുഖങ്ങളിലേക്കു നോക്കി.
വേദനയുടെ കനല്‍ പൊന്തിയ മുഖങ്ങള്‍.
അയാള്‍ ഒന്നും പറഞ്ഞില്ല. വാതില്‍ തുറന്ന്‌ കൗണ്ടര്‍ ചൂണ്ടിക്കാണിച്ചു കൊടുത്തു.
അകത്തുനിന്ന്‌ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്ന സ്‌ത്രീ വാതില്‍ കടന്ന്‌ പുറത്തേക്കു വന്നു.
``എന്തുപറ്റി?'' - അയാള്‍ ചോദിച്ചു.
അവര്‍ ഒന്നും പറയാതെ അയാളെത്തന്നെ നോക്കിനിന്നു.
പിന്നീട്‌, തേങ്ങലടക്കിക്കൊണ്ട്‌ ചോദിച്ചു: ``നിങ്ങള്‍ക്ക്‌ ആ തോക്കുകൊണ്ട്‌ എന്നെയൊന്ന്‌ കൊന്നുതരാമോ?''
അവരുടെ കണ്ണുകളിലെ തീകൊണ്ട്‌ അയാളുടെ ഉള്ള്‌ പൊള്ളി.
ആ തേങ്ങല്‍ തെരുവിലലിഞ്ഞു തീരുവരെ അയാള്‍ അങ്ങനെതന്നെ നിന്നു.
പൊടുന്നനെ, അയാള്‍ വാതില്‍ തള്ളിത്തുറന്ന്‌ തോക്കുമായി മാനേജരുടെ ക്യാബിനു മുന്നിലേക്ക്‌ ചെന്നു. കണ്ണാടി വാതിലിനപ്പുറം മാനേജര്‍ ടെലി ഫോണിലാണ്‌.
കൗണ്ടറുകളില്‍ തിരക്കായിത്തുടങ്ങി.
അയാള്‍ ക്യാബിന്റെ സ്വര്‍ണ്ണനിറമുള്ള പിടിയില്‍ കൈവച്ചു.
മാനേജര്‍ ഫോണ്‍ വച്ചതും അയാള്‍ അകത്തേക്കു കയറി.
അനുവാദം കൂടാതെ കടന്നു വന്നതിന്റെ അരിശം മാനേജരുടെ മുഖത്തുനിന്നും അയാള്‍ക്കു വായിക്കാ നായി.
പക്ഷേ, കൃത്രിമമായ സൗമ്യതയുടെ ഒരാവരണം കൊണ്ട്‌ മാനേജര്‍ പെട്ടന്നതിനെ മായ്‌ച്ചുകളഞ്ഞു.
``യേസ്‌. എന്തുവേണം''?
അയാള്‍ക്ക്‌ ഒന്നും മിണ്ടാന്‍ കഴിഞ്ഞില്ല.
``എന്തെങ്കിലും പ്രോബ്‌ളം''?
അയാളുടെ ഉള്ളില്‍ വാക്കുകള്‍ തിളച്ചുമറിയാന്‍ തുടങ്ങുന്നത്‌ അയാള്‍ അറിഞ്ഞു.
പെട്ടെന്ന്‌ കുട്ടികളുടെ മുഖങ്ങള്‍ അയാള്‍ ക്കോര്‍മ്മവന്നു.
``അച്ഛാ...'' അവര്‍ വിളിക്കുന്നു.
നിശ്ശബ്‌ദതയുടെ രണ്ട്‌ നിമിഷങ്ങള്‍.
``നോ സര്‍. നോ പ്രോബ്‌ളം''- അയാള്‍ പറഞ്ഞൊപ്പിച്ചു.
മാനേജര്‍ അയാളെ തുറിച്ചു നോക്കി.
അയാള്‍ തോക്ക്‌ ചേര്‍ത്തുപിടിച്ച്‌ മാനേജരെ സല്യൂട്ട്‌ ചെയ്‌ത്‌ തിരികെ നടക്കാന്‍ തുടങ്ങവേ-
``ജസ്റ്റ്‌ എ മിനിട്ട്‌'' - മാനേജരുടെ സൗമ്യ ശബ്‌ദം.
അയാള്‍ തിരിഞ്ഞുനിന്നു.
മാനേജര്‍ വായയുടെ ഒരുവശം കോട്ടി പുഞ്ചിരിച്ചു.
അയാള്‍ വിയര്‍ത്തു.
അതിര്‍ത്തിയില്‍, പൊട്ടിത്തെറിക്കുന്ന ഗ്രനേഡു കള്‍ക്കിടയിലൂടെ, ശത്രുവിന്റെ പീരങ്കി വായകള്‍ ക്കിടയിലൂടെ ശത്രുവിനെ മാത്രം ലക്ഷ്യം വച്ചുകൊണ്ട്‌ ദുര്‍ഘട പാതയിലൂടെ ഇഴഞ്ഞു നീങ്ങുന്ന ധീര സൈനികര്‍-
അവരിലൊരാള്‍- ജീവിതത്തിന്റെ കത്തി മുനയ്‌ക്കു മുന്നില്‍ ഉണ്ടയില്ലാത്ത ഒരു തോക്കുമായി വിറപൂണ്ടു നില്‍ക്കുന്നു.
``ലുക്‌ മിസ്റ്റര്‍ സെക്യൂരിറ്റി ആഫീസര്‍, നിങ്ങള്‍ കുറച്ചുകൂടി ഡിസിപ്ലിന്‍ പാലിക്കേണ്ടതുണ്ട്‌. ബോറടിക്കുമ്പോള്‍ ചുമ്മാ കയറിയിറങ്ങാനുള്ളതല്ല, മാനേജരുടെ ക്യാബിന്‍. മൈന്റ്‌ ഇറ്റ്‌''
``സര്‍, ഞാന്‍...........''
``നിങ്ങള്‍ക്കെന്താണ്‌ പ്രോബ്‌ളം മിസ്റ്റര്‍. ഞാന്‍ കാണുന്നുണ്ട്‌. നിങ്ങള്‍ക്ക്‌ പ്രായമായി. ഇങ്ങനെ യായാല്‍ ഞങ്ങള്‍ക്ക്‌ നിങ്ങളെ...........''
പൊടുന്നനെ അയാളുടെ ഉള്ളില്‍ ഒരാള്‍ ഉണര്‍ന്നു. സ്വജീവനേക്കാള്‍ ദേശാഭിമാനത്തിനും സ്വാഭിമാനത്തിനും വിലകല്‍പ്പിച്ചിരുന്ന ഒരാള്‍. ഉള്ളിലെ ദരിദ്രഭീരുവിനെ ചവിട്ടിമെതിച്ചുകൊണ്ട്‌ അയാള്‍ തിരിഞ്ഞുനിന്നു.
``മാനേജര്‍, നിങ്ങള്‍ ഭീഷണിപ്പെടുത്തേണ്ട. എനിക്കുകുറച്ചു തിരകള്‍ വേണം. എന്റെ തോക്കില്‍ നിറയ്‌ക്കാന്‍.''
മാനേജര്‍ ഉച്ചത്തില്‍ ചിരിച്ചു. ചിരിച്ചുകൊണ്ടു തന്നെ അയാള്‍ പറഞ്ഞു: `` ഓ, അതാണാവശ്യം, തിര. എന്തിനാണ്‌ തനിക്ക്‌ തിര? എന്നെ കൊല്ലാനോ?''
മാനേജരുടെ ചിരി വീണ്ടും ഉച്ചത്തിലായി.
അയാളുടെ ഉള്ളില്‍ സ്വയം ബന്ധിച്ചിരുന്ന കയറുകള്‍ ഒന്നൊന്നായി പൊട്ടുന്നത്‌ അയാളറിഞ്ഞു. തോക്കിന്റെ കത്തിമുന മാനേജര്‍ക്കു നേരെ ചൂണ്ടിക്കൊണ്ടയാള്‍ ചീറി:
`` അതേടാ, അതിനുതന്നെ. നിന്നെ കൊല്ലാന്‍''
അയാള്‍ വീശിയ തോക്കില്‍നിന്നും ഒഴിഞ്ഞു കൊണ്ട്‌ മാനേജര്‍ പൊടുന്നനെ മേശവലിപ്പു തുറന്ന്‌ ഒരു പിസ്റ്റള്‍ എടുത്ത്‌ അയാള്‍ക്കുനേരെ ചൂണ്ടി. അയാള്‍ വിറങ്ങലിച്ചുനിന്നു.
``ഇഡിയറ്റ്‌. എന്തു വിചാരിച്ചു നീ? ഇത്‌ ജര്‍മ്മനാണ്‌. ഫുള്ളി ആട്ടോമാറ്റിക്‌. ഉന്നം പിഴക്കില്ല.''
അയാല്‍ നീറി നിന്നു.
``ഞാന്‍ ഈ ബാങ്കിന്റെ മാനേജര്‍ മാത്രമല്ല. ആല്‍സോ ദ ചീഫ്‌ സെക്യൂരിറ്റി ഓഫീസര്‍. നീ വെറും കെട്ടുകാഴ്‌ച. ചുമ്മാ അലങ്കാരത്തിന്‌ ഒരു കാഴ്‌ച വസ്‌തു.''
അയാള്‍ മേശമേല്‍ ചാരി തളര്‍ന്നു നിന്നു. എന്തോ പറയാന്‍ ശ്രമിച്ചെങ്കിലും വരണ്ടുപോയ തൊണ്ടയില്‍ നിന്ന്‌ ശബ്‌ദം പുറത്തേക്ക്‌ വന്നില്ല. മാനേജര്‍ പിസ്റ്റള്‍ മേശയ്‌ക്കത്തേക്കുതന്നെയിട്ട്‌ കസേരയിലേക്ക്‌ ചാഞ്ഞു.
`` എന്നെ........... എന്നെ ഈ ജോലിയില്‍ നിന്നും പിരിഞ്ഞുപോകാന്‍ അനുവദിക്കണം''- അയാള്‍ പ്രയാസപ്പെട്ട്‌ പറഞ്ഞൊപ്പിച്ചു.
ഒരു വൃത്തികെട്ട അട്ടഹാസച്ചിരിയായിരുന്നു അതിനു മറുപടി.
മേശവലിപ്പിനകത്തുനിന്നും ഒരു പേപ്പര്‍ എടുത്തുകാട്ടിക്കൊണ്ട്‌ മാനേജര്‍ കൃത്രിമമായ സഹതാപത്തോടെ പറഞ്ഞു:
``നോ, നോ. എനിക്കതിനു കഴിയില്ലല്ലോ.... ലുക്ക്‌ ദിസ്‌ പേപ്പര്‍....''
മാനേജര്‍ ആ കടലാസ്‌ അയാളെ ഉയര്‍ത്തിക്കാട്ടി.
``നീ ഒപ്പിട്ടുതന്ന മുദ്രപ്പത്രം. അയാം ഹെല്‍പ്‌ലെസ്‌ മാന്‍. ടോട്ടലി ഹെല്‍പ്‌ലെസ്‌....''
പൊടുന്നനെ ബാങ്ക്‌ കനത്ത ഒരു ഇരുമ്പുകൂടായി രൂപാന്തരപ്പെടുന്നത്‌ നടുക്കത്തോടെ അയാള്‍ കണ്ടു. അകത്തു കടന്നാല്‍ പുറത്തുപോകാന്‍ ഒറ്റ വാതില്‍ പോലുമില്ലാത്ത ഒരു കൂറ്റന്‍ ഇരുമ്പു കൂട്‌.
കൂട്ടില്‍ കുടുങ്ങിയ നിസ്സഹായരായ ഇരകളുടെ നിശ്ശബ്‌ദമായ നിലവിളികള്‍ ഇരുമ്പുകൂടിനിപ്പുറം വിറങ്ങലിച്ചു കിടന്നു.
റൈഫിള്‍ അയാളെ വീഴാതെ താങ്ങി.

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. അപക്വത നിറഞ്ഞ പഴയ കമന്റ്‌ നീക്കം ചെയ്യുകയാണെ..

    ReplyDelete