Thursday, July 22, 2010

നിഴല്‍

നിലാവുള്ളതിനാല്‍ രാത്രി വളരെ വൈകിയിട്ടും അയാള്‍ക്ക്‌ പേടി തോന്നിയില്ല.തിരക്കിട്ടു നടന്നു അയാള്‍. പെട്ടെന്ന് അയാളെ ആരോ പിന്നില്‍നിന്ന് പേരുചൊല്ലി വിളിച്ചു.തിരിഞ്ഞുനോക്കിയപ്പോള്‍ തന്റെ നിഴലിനെയല്ലാതെ പിന്നിലാരെയും കണ്ടില്ല.പിന്നെ ആരാണ്‌ വിളിച്ചത്‌? അയാള്‍ക്ക്‌ പേടിതോന്നി.പൊടുന്നനെ അയാളുടെ നിഴല്‍ അയാളില്‍ നിന്ന് തെന്നിമാറിനിന്ന് സംസാരിക്കാന്‍ തുടങ്ങി.
" ഞാനാണ്‌ വിളിച്ചത്‌"-നിഴല്‍ ശാന്തനായി പറഞ്ഞു.
അയാള്‍ വിറച്ചുനിന്നു.
"എന്താണ്‌ നീ എന്നെ തുറിച്ചു നോക്കുന്നത്‌? ഇതിനുമുന്‍പ്‌ കണ്ടിട്ടില്ലാത്തതുപോലെ.നിന്റെ ജീവിതം മുഴുവന്‍ നിന്നോടൊപ്പമുണ്ടായിരുന്നിട്ടും ഒരപരിചിതനെപ്പോലെയാണല്ലോ നീ എന്നെ നോക്കുന്നത്‌."
അയാളുടെ ഉള്ളില്‍ ഭയം അഗ്നിനാവ്‌ നീട്ടി.
"പേടിക്കേണ്ട.ഞാന്‍ ചില കാര്യങ്ങള്‍ പറയാനാണ്‌ വിളിച്ചത്‌".നിഴല്‍ തുടര്‍ന്നു:"എന്തിനാണ്‌ നിനക്കിത്ര തിരക്ക്‌? നിന്റെ ജീവിതം മുഴുവന്‍ നിനക്ക്‌ തിരക്കായിരുന്നു.നിന്റെ കണക്കുപുസ്തകത്തിലെ നേട്ടങ്ങളുടെ അക്കങ്ങള്‍ കൂട്ടുവാനുള്ള തിരക്ക്‌.എനിക്കു മടുത്തു.നമുക്ക്‌ പിരിയാം."
മരവിച്ചുനിന്ന അയാള്‍ പെട്ടെന്നു പറഞ്ഞു:ഇല്ല,പറ്റില്ല.എനിക്കിനിയും നിന്നെ ആവശ്യമുണ്ട്‌."
നിഴല്‍ ചിരിച്ചുകൊണ്ട്‌ മൊഴിഞ്ഞു:"വയ്യ ചങ്ങാതീ,ക്ഷമിക്കണം.നിന്റെ തിരക്കില്‍ പെട്ട്‌ ഞാന്‍ വളരെ ക്ഷീണിതനായിരിക്കുന്നു.വയ്യ."
പെട്ടെന്ന്, എവിടെനിന്നോപാഞ്ഞുവന്ന കാര്‍മേഘക്കൂട്ടങ്ങള്‍ ചന്ദ്രനെ മറച്ചു.നിഴല്‍ അപ്രത്യക്ഷനായി.കുറ്റിരുട്ടില്‍ ദിശാബോധം നഷ്ടപ്പെട്ട്‌ വിഭ്രാന്തിയോടെ പാഞ്ഞ അയാളെ ഒരു പൊട്ടക്കിണര്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.

Sunday, June 20, 2010

ബോധാസ്തമയം

ബോധോദയത്തിനുശേഷം,മരുഭൂമി പോലെ തോന്നുന്ന ഒരു പ്രദേശത്തുകൂടി നടക്കുകയായിരുന്നു ബുദ്ധന്‍ .പൊള്ളുന്ന വെയിലില്‍ ബുദ്ധന്‍ പിടഞ്ഞു.ഒരു തണലിനുവേണ്ടി ദാഹിച്ചു.പക്ഷേ ഒരു വൃക്ഷത്തിന്റെ പച്ച അകലെപ്പോലും കാണുവാന്‍ കഴിഞ്ഞില്ല.
പെട്ടന്ന്,നാലു കമ്പുകള്‍ നാട്ടി അതിനു മുകളില്‍ ഒരു കീറത്തുണി വിരിച്ച്‌ ഇത്തിരി തണലുണ്ടാക്കി അതിനുതാഴെ ചുരുണ്ടുകിടക്കുന്ന ഒരുവനെ ബുദ്ധന്‍ കണ്ടു.യാത്രക്കിടയില്‍ വിശന്നുതളര്‍ന്ന് വീണുപോയതാവണം.ദയനീയമായ രൂപമായിരുന്നു അയാളുടേത്‌.ബുദ്ധനെ കണ്ടപ്പോള്‍ വളരെ പ്രയാസപ്പെട്ട്‌ അയാള്‍ എഴുന്നേറ്റിരുന്നു.വരണ്ടുണങ്ങിയ അയാളുടെ തൊണ്ടയ്ക്ക്‌ ശബ്ദിക്കുവാനുള്ള ശേഷിപോലുമുണ്ടായിരുന്നില്ല.എങ്കിലും അയാളുടെ ദാഹവും വിശപ്പും കണ്ണുകളില്‍ കത്തുന്ന പ്രതീക്ഷയും ബുദ്ധന്‍ ദര്‍ശന മാത്രയില്‍ത്തന്നെ അറിഞ്ഞു.ബുദ്ധന്റെ ഉള്ളലിഞ്ഞു.പക്ഷേ, അയാള്‍ക്ക്‌ നല്‍കാന്‍ ബുദ്ധന്റെ കൈയില്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല.ബുദ്ധന്‍ അയാളെ നോക്കി ഇങ്ങനെ പറഞ്ഞു:"മകനേ,നിന്റെ മുഖം ദുഖാകുലമായിരിക്കുന്നുവല്ലോ.ആഗ്രഹങ്ങളാണ്‌ മകനേ ദുഖത്തിന്‌ കാരണം."
ഇതു പറഞ്ഞശേഷം, കത്തുന്ന വെയിലില്‍ നിന്ന് അയാളുടെ കീറത്തുണിയുടെ തണലിലേക്ക്‌ കയറിയിരുന്ന് ബുദ്ധന്‍ ആശ്വാസത്തോടെ നിശ്വസിച്ചു.മുഖമുയര്‍ത്തിനോക്കിയ ബുദ്ധന്‍ കണ്ടത്‌ തന്നെ നോക്കി ചിരിക്കുന്ന അയാളെയാണ്‌.വല്ലാത്ത ആ ചിരിയില്‍ ബുദ്ധന്‍ പരുങ്ങി.തന്റെ അമളി മറയ്ക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കീറത്തുണിയുടെ തണലിന്റെ ശീതളിമയില്‍ നിന്ന് പൊള്ളുന്ന വെയിലിലേയ്ക്ക്‌ ബുദ്ധന്‍ ഇറങ്ങിനിന്നു.
ബോധത്തിന്‌ ഉദയം മാത്രമല്ല,ചിലപ്പോള്‍ അസ്തമയവുമുണ്ടെന്ന് മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സില്‍ കത്തുന്ന വെയില്‍ച്ചീളുകള്‍ പതിച്ചപ്പ്പ്പോള്‍ ബുദ്ധന്‌ ബോദ്ധ്യമായി.

Friday, March 12, 2010

നിയോഗം

വല്‍മീകത്തിനുള്ളിലെ നിഷ്ക്രിയതയില്‍നിന്നും താപസന്‍ ശാപവചനം ആവര്‍ത്തിച്ചുരുവിട്ടുകൊണ്ട്‌ തമസാ തീരത്തെത്തി. കുഞ്ഞിച്ചിറകുകള്‍ മിനുക്കി മരക്കൊമ്പിലിരിക്കുന്ന ഇണപ്പക്ഷികളെ കണ്ട താപസനയനങ്ങള്‍ ചുറ്റും നിഷാദനെ തിരഞ്ഞു. കൈയ്യില്‍ വിഷാസ്ത്രവും കണ്ണില്‍ കത്തുന്ന ക്രൂരതയുമായി നിഷാദന്‍ എത്തിയില്ല. കാത്തുനിന്നു മടുത്ത താപസകണ്‌ഠത്തില്‍ ശാപവാക്യം കുരുങ്ങിക്കിടന്നു.പെട്ടന്ന് ഇണപ്പക്ഷികള്‍ ചിലച്ചുകൊണ്ട്‌ അകലേയ്ക്കു പറന്നുപോയി. ഞെട്ടിപ്പോയ താപസനുചുറ്റും പലതരം പക്ഷികള്‍ പരിഹാസധ്വനിപോലെ ചിലച്ചു. ഇതിഹാസ സൃഷ്ടിയുടെ ബീജാവാപം നടക്കാതെപോയ നിമിഷത്തെ ശപിച്ച്‌ താപസന്‍ മറ്റൊരു മുഹൂര്‍ത്തത്തിനായി വല്‍മീകത്തിലേക്ക്‌ മടങ്ങി.

Wednesday, February 17, 2010

ആത്മാവിന്റെ നിറം

അയാള്‍ക്ക്‌ അവളോട്‌ സ്നേഹത്തെക്കുറിച്ചുമാത്രമേ പറയാനുണ്ടായിരുന്നുള്ളൂ.ഉള്ളില്‍ വിങ്ങിനിന്നവ വാക്കുകളിലേക്ക്‌ പരിഭാഷപ്പെടുത്താന്‍ അയാള്‍ നന്നേ പാടുപെട്ടു.'ആത്മാവിലലിഞ്ഞ സ്നേഹം' എന്ന അയാളുടെ വാക്കുകള്‍ കേട്ടപാടെ അവള്‍ ചിരിക്കാന്‍ തുടങ്ങി.ആ ചിരിയുടെ ചില്ലുകള്‍ കൊണ്ട്‌ അയാളുടെ ഉള്ളം മുറിഞ്ഞ്‌ ചോര പൊടിഞ്ഞു.ചിരിയുടെ ഇടവേളയില്‍ അവള്‍ ചോദിച്ചു:'നിന്റെ ആത്മാവിന്‌ എന്തുനിറമാണ്‌? ജലത്തിന്റെ? പ്രാണവായുവിന്റെ? കണ്ണുനീരിന്റെ?'
ചിരിയുടെ ചില്ലുകള്‍ വീണ്ടും വീണുചിതറി.ഉള്ളം മുറിഞ്ഞ നീറ്റലില്‍ പിടഞ്ഞുകൊണ്ട്‌ അയാള്‍ വിചാരിച്ചു:എന്റെ ആത്മാവിന്റെ നിറം....ഇല്ല.ഞാനതു പറയില്ല.എന്റെ ആത്മാവിന്‌ നിന്റെ നിറമാണല്ലോ.

Tuesday, January 12, 2010

സക്കറിയയുടെ ഫ്‌ളാറ്റില്‍ നാഥുറാം

എരിതീയുടെ ഒരല നാഥുറാമിന്റെ ഇടംകണ്ണ്‌ കടന്നു പോകുമ്പോള്‍ പതിവുപോലെ വേദനയുടെ ആര്‍ത്തസ്വരം ഉയര്‍ന്നില്ല.
സഹനം എന്ന വാക്കിന്റെ അര്‍ത്ഥപരിമിതി നരകം നാഥുറാമിന്‌ നല്‍കിയ ജ്ഞാനശകലങ്ങളിലൊന്നായിരുന്നു.
നാരകീയാഗ്നിയുടെ ആര്‍ത്തലയ്‌ക്കുന്ന സമുദ്രത്തില്‍, പാപികളുടെ കഠോര നിലവിളികളുടെ നിലയ്‌ക്കാത്ത പ്രവാഹത്തില്‍, ഉള്ളുകീറുന്ന വേദനയെ കൈവിട്ടുപോയ നരജീവിതത്തിന്റെ ആനന്ദകാലം ഓര്‍മ്മയിലുണര്‍ത്തി നേരിടാന്‍ നാഥുറാം പഠിച്ചു കഴിഞ്ഞിരുന്നു.
മരണം എന്ന മോചനപ്രതീക്ഷ നരകത്തിലില്ലല്ലോ. അളവില്ലാത്ത കാലത്തിന്റെ അനന്തസ്ഥലികളില്‍, നിയതരൂപമില്ലാത്ത വിതാനങ്ങളില്‍, തീ എന്ന പരമസത്യം. വേദന എന്ന ഒറ്റ അനുഭവം. ആളിപ്പടരുന്ന തീ ഒന്നു വിഴുങ്ങി പിന്മാറുന്ന നിമിഷാര്‍ദ്ധത്തിന്റെ ഇടവേളയിലെ അനുഭവത്തെ വിവരിക്കാന്‍ ഏതു പദമാണ്‌ ഉപയോഗിക്കാനാവുക?
വിട്ടുപോകാനിടമില്ലാതെ, ആത്മാവ്‌ അഗ്നിയില്‍ കത്തി നീറിപ്പൊടിയുന്ന വേദനയുടെ ഉച്ചസ്ഥായിയില്‍ പോലും സഹനത്തിന്റെ പാഠങ്ങള്‍ നാഥുറാം വശപ്പെടുത്തിയതെങ്ങനെയെന്ന്‌ നാഥുറാമിനു പോലുമറിയില്ല. ആ നിമിഷങ്ങളില്‍ അര്‍ദ്ധനഗ്നനായ വൃദ്ധന്റെ കാരുണ്യം തുളുമ്പുന്ന നയനങ്ങള്‍ നാഥുറാമിന്റെ ഉള്‍ക്കണ്ണില്‍ തെളിഞ്ഞുവരുന്നതെന്തെന്ന്‌ അയാള്‍ ആശ്ചര്യം കൂറിയിട്ടുണ്ട്‌.
പരോള്‍!
നരകത്തിന്‌ നരകത്തിന്റെ നീതി. സഹനം ശീലിച്ച ആത്മാക്കള്‍ക്ക്‌, ശിക്ഷ ശിരസ്സുകുനിച്ചു വാങ്ങുന്നവന്‌ നരകം നല്‍കുന്ന കാരുണ്യം.
മോചനം!
നാഥുറാം നരകകവാടം കടന്ന്‌ മനുഷ്യശരീരധാരിയായി പുറത്തുവന്നു. ഭൂമിയില്‍ മനുഷ്യന്‍ തന്റെ ചെറുബുദ്ധികൊണ്ട്‌ ഉണ്ടാക്കിവച്ചിരിക്കുന്ന കാലക്കണക്കില്‍ പരോള്‍കാലം എത്ര ദിവസം വരുമെന്നറിയില്ല. ആജ്ഞ എപ്പോഴും വരാം.
നരകത്തിനു പുറത്ത്‌, മുകളിലും താഴെയു മല്ലാത്ത, പ്രകാശവും ഇരുട്ടും ഇല്ലാത്ത, ദിക്കു കളില്ലാത്ത ഒരിടത്ത്‌ നാഥുറാം സന്ദേഹിയായി നിന്നു.
പച്ചഗ്രഹത്തിലെ തന്റെ ജന്മഭൂമിയായ അര്‍ദ്ധദ്വീപ്‌ നാഥുറാമിന്‌ ലോകാന്തരങ്ങള്‍ക്കപ്പുറത്തുനിന്നേ തിരിച്ചറിയാനായി.
അനാഥം!
വൃദ്ധനെ ചിത്രവും പുസ്‌തകവും പുരാവസ്‌തു വുമാക്കി നാട്‌ ഇപ്പോഴും പേറുന്നുണ്ടാവും.
നോക്കി നില്‍ക്കേ, ഇടനെഞ്ചില്‍ തുളച്ചുകയറുന്ന ഒരു വെടിയുണ്ടയുടെ ആളുന്ന അഗ്നി നാഥുറാമിന്റെ ഉള്ളുകീറി.
എങ്ങോട്ടാണ്‌ പോവുക? എന്റെ ഹിന്ദുസ്ഥാനില്‍ എന്റെ ഇടം ഏത്‌?
എനിക്ക്‌ ഇടമില്ല. അല്ലെങ്കില്‍ ഹിന്ദുസ്ഥാനില്‍ എല്ലായിടവും എനിക്കുള്ളതു തന്നെ.
നിശ്ചയമില്ലാതെ പോവുക. കണ്ണടച്ചുള്ള ഒരു പതനം അത്‌ നിശ്ചയിക്കട്ടെ.
ഭാരതത്തിന്റെ പശ്ചിമതീരത്ത്‌, അറേബ്യന്‍ കടലിന്റെ ഓരത്ത്‌, ഇരുളിനെ കീറിമുറിച്ചുകൊണ്ട്‌ അന്ന്‌ അര്‍ദ്ധരാത്രി ഒരു ധൂമകേതു കത്തിവീണു.
അനന്തപുരിയിലെ നിദ്രാവിഹീനരും നിശാചരരും ഭീകരമായ ആ ശബ്‌ദം കേട്ട്‌ ഞെട്ടി.
സൂര്യന്‍ തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ ഇരുട്ട്‌ ഊതിയകറ്റാനെത്തിയപ്പോള്‍ നാഥുറാം കണ്ണുകള്‍ തുറന്നു. `തിരുവനന്തപുരം' എന്ന വിളക്കക്ഷരങ്ങള്‍ വായിച്ചു.
ആദ്യമായാണ്‌ മലയാള അക്ഷരങ്ങള്‍ നാഥുറാം കാണുന്നത്‌. എങ്കിലും അയാള്‍ക്ക്‌ അവ വായിക്കാനായി. പരേതര്‍ക്ക്‌ ഏതു ഭാഷയും വായിക്കാം. ഏതു ഭാഷയിലും സംസാരിക്കാം. ഭാഷയുടെ പരിമിതികള്‍ ഇഹലോകജീവന്റെ മാത്രം പ്രശ്‌നമാണല്ലോ.
നഗരം ഉണരുന്നത്‌ എത്ര പെട്ടെന്നാണ്‌. പ്രഭാതത്തോടൊപ്പം ആക്രാന്തവും പരദൂഷണവും പാരയും പരക്കംപാരച്ചിലുംകൊണ്ട്‌ നഗരം സജീവമായി.
ശ്രീശങ്കരന്റെ നാട്‌ - നാഥുറാം വിചാരിച്ചു. നന്നായി. വളരെ നന്നായി.
നാഥുറാം പ്ലാറ്റ്‌ഫോമിലൂടെ വെറുതേ നടന്നു. യൂറോപ്യന്‍ വേഷധാരികളായ മലയാളിമക്കള്‍. ഇവരൊക്കെ അതിരാവിലെ എങ്ങോട്ടു പോകുന്നു?
ഒരാള്‍ പ്ലാറ്റ്‌ഫോമിലെ ഒരു ബഞ്ചില്‍ വായിച്ചു കൊണ്ടിരിക്കുന്നു. നാഥുറാം അയാളുടെ അരികില്‍ ചെന്നിരുന്നു.
ഒരുവേവലാതിയുമില്ലാത്ത ഒരു മനുഷ്യന്‍. എന്താവാം അയാള്‍ വായിക്കുന്നത്‌? നാഥുറാം അതിലേക്ക്‌ പാളി നോക്കി. ഒരു മലയാള പുസ്‌തകം.
ഇതാണെന്റെ പേര്‌ - ഗ്രന്ഥനാമം നാഥുറാം വായിച്ചു.
എന്തൊരു പേര്‌!
ശാന്തയാത്രികന്‍ അവസാനത്തെ പേജിലാണ്‌. വൃദ്ധന്‌ ഇനി പേരില്ല. ബ്രഹ്മത്തിങ്കല്‍ ഒന്നിനും പേരില്ല എന്ന അവസാന വരി വായിച്ചുതീര്‍ന്നതും എവിടെയോ തീവണ്ടിയുടെ കൂക്കുവിളി കേട്ടു.
അതയാളുടെ വണ്ടിയായിരുന്നില്ല. അയാള്‍ പുസ്‌തകമടച്ചുവച്ച്‌ വീണ്ടു സൗമ്യനായി.
ബാഗിനുമേല്‍ വച്ച പുസ്‌തകത്തിന്റെ പുറം ചട്ടയിലെ ബ്ലര്‍ബ്‌ നാഥുറാം വായിച്ചു:
സ്വതന്ത്രഭാരതരാഷ്‌ട്രീയ ചരിത്രത്തിലെ ഏറ്റവും പ്രശസ്‌തനായ ഘാതകന്റെ മനസ്സിലേക്ക്‌ സക്കറിയ പണിയുന്ന നൂല്‍പ്പാലമാണ്‌ ഈ നോവല്‍..... വധശേഷമുള്ള ഘാതകന്റെ മനോവ്യാപാരങ്ങളിലൂടെ നോവലിസ്റ്റ്‌ നിഗൂഢയാത്ര ചെയ്യുന്നു.
പേരറിയാത്ത ഒരു വികാരത്തിന്റെ ലോഹദ്രവം നാഥുറാമിന്റെ ഉള്ളിലൂടെ ഉരുകിയിറങ്ങി.
ദൈവമേ!
ആരെക്കുറിച്ചാണിത്‌?
വൃദ്ധനെ ഞാനും എന്നെ ഈ ജനതയും വധിച്ച ശേഷവും വൃദ്ധന്‍ ജീവിക്കുന്നത്‌ മനസ്സിലാക്കാം. പക്ഷേ ഞാന്‍.... എന്നെക്കുറിച്ച്‌ ഇക്കാലവും ചിന്തിക്കുന്നത്‌ ആര്‌?
പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ അയാളുടെ ഗുരുജിയുടെ ചിത്രം വൃദ്ധന്റെ ചിത്രത്തിനരുകില്‍ അനാച്ഛാദനം ചെയ്യപ്പെട്ടത്‌ നാഥുറാം അറിഞ്ഞി രുന്നില്ലല്ലോ.
പരേതന്മാര്‍ എല്ലാം അറിയുന്നില്ല.
എല്ലാം അറിയുന്നത്‌ ബ്രഹ്മം മാത്രമാണ്‌. നാഥുറാം പുസ്‌തകത്തിലേക്ക്‌ കണ്ണെടുക്കാതെ നോക്കുന്നതു കണ്ട ശാന്തമുഖന്‍ നാഥുറാമിനോട്‌ ഒരു പുഞ്ചിരി പങ്കുവച്ചു.
നാഥുറാമും ചിരിച്ചു. ചിരിയുടെ രാസവിദ്യ തനിക്ക്‌ നഷ്‌ടപ്പെട്ടിട്ടില്ലല്ലോ എന്ന്‌ അയാള്‍ ചിന്തിക്കുകയും ചെയ്‌തു.
`ആ പുസ്‌തകം ഒന്നു തരാമോ?' - നാഥുറാം ചോദിച്ചു.
യാത്രികന്‍ വിസ്‌മയത്തോടെ അയാളെ നോക്കി. നാഥുറാമിന്റെ ഉത്തരേന്ത്യന്‍ വേഷവും അയാളുടെ പച്ചമലയാളവും തമ്മില്‍ ഒരു പൊരുത്ത ക്കേട്‌ അയാള്‍ക്ക്‌ തോന്നിയിരിക്കണം.
അയാള്‍ നാഥുറാമിന്‌ പുസ്‌തകം നീട്ടി. നാഥുറാം വിറയ്‌ക്കുന്ന കൈകളോടെ അതു വാങ്ങി. പുറംചട്ടയിലെ പഴകിത്തുരുമ്പിച്ച ഒരു തോക്കിന്റെ ചിത്രം നാഥുറാമിനെ വീണ്ടും ഓര്‍മ്മയുടെ നരകത്തിലേയ്‌ക്ക്‌ തള്ളി.
1948 ജനുവരി 30 വൈകുന്നേരം 5 മണി.
ഈ മണ്ണ്‌ കണ്ട ഏറ്റവും വലിയ പാപി ചരിത്ര ത്തില്‍ രക്തമുദ്ര പതിപ്പിച്ചത്‌ അന്നാണ്‌.
വേദനകടിച്ചമര്‍ത്തിക്കൊണ്ട്‌ നാഥുറാം പുസ്‌തകം മറിച്ചുനോക്കി.
ഒരനൗണ്‍സ്‌മെന്റും തീവണ്ടിയുടെ കൂകലും പ്ലാറ്റ്‌ഫോമിലെ ജനക്കൂട്ടത്തെ ഉണര്‍ത്തി. തിരക്ക്‌. പാച്ചില്‍.
പുസ്‌തകത്തിന്റെ ഉടമയെവിടെ?
നാഥുറാമിന്റെ കണ്ണുകള്‍ എമ്പാടും പരതി.
തീവണ്ടി നീങ്ങാന്‍ തുടങ്ങി.
പുസ്‌തകം നാഥുറാമിന്റെ കൈകളില്‍ അനാഥ മായി.
ആദ്യപേജിലെ സക്കറിയ നാമധാരിയായ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചുള്ള കുറിപ്പുമുതല്‍ സക്കറിയയുടെ മറ്റു കൃതികളിലൂടെ, പ്രസാധകക്കുറിപ്പിലൂടെ, കടപ്പാടിലൂടെ, അര്‍ജ്ജുന ഫല്‍ഗുന എന്ന ആദ്യ അദ്ധ്യായം മുതല്‍ ബ്രഹ്മത്തിങ്കല്‍ ഒന്നിനും പേരില്ല എന്ന അവസാനഅദ്ധ്യായത്തിലെ അവസാന വരിവരെ അയാള്‍ തീപിടിച്ച ഒരു തീവണ്ടി യെപ്പോലെ സഞ്ചരിച്ചു.
വായന കഴിഞ്ഞ്‌ നാഥുറാം ഏറെനേരം നിശ്ചലനായി ഇരുന്നു.
അയാള്‍ക്ക്‌ ഉള്ളു പൊള്ളി നീറാന്‍ തുടങ്ങി. ഉള്ളിലെ തീയടങ്ങിയപ്പോള്‍ ചിരി വന്നു.
ഇപ്പോള്‍ നാഥുറാം തിരുവനന്തപുരത്തെ തമ്പാനൂര്‍ തെരുവിലൂടെ നടക്കുകയാണ്‌.
തെരഞ്ഞെടുപ്പുകാലം. മൂവര്‍ണ്ണവും ചുവപ്പും കാവിയും പേറി പാറുന്ന കൊടികളുടെ ഉത്സവം.
തെരുവില്‍, ചീറിപ്പായുന്ന വാഹനങ്ങള്‍ക്ക്‌ ഇഞ്ചുകള്‍ മാത്രം അകലെ റോഡിലിരുന്ന്‌ ഒരു കൊച്ചുകുട്ടി കളിക്കുന്നു. പല്ലില്ലാത്ത മോണകാട്ടി കുട്ടി നാഥുറാമിനെ നോക്കി ചിരിച്ചു.
പൊടുന്നനെ, ചീറിവരുന്ന ഒരു വാഹനം കണ്ട്‌ അയാള്‍ക്ക്‌ ഉള്ളുകാളി.
നാഥുറാം കുട്ടിയെ വാരിയെടുത്ത്‌ ഫുട്‌പാത്തി ലിരുത്തി. തൊട്ടപ്പുറത്ത്‌ മരച്ചുവട്ടില്‍ കൂടിനിന്നിരുന്ന നാടോടിക്കൂട്ടത്തിലെ കുട്ടിയുടെ അച്ഛനമ്മമാര്‍ വിസ്‌മയത്തോടെ അത്‌ നോക്കിനിന്നു.
നാഥുറാം ഇപ്പോള്‍ സെക്രട്ടറിയേറ്റിനു മുന്നിലുള്ള കറന്റ്‌ ബുക്‌സ്‌ ഷോറൂമിലേയ്‌ക്ക്‌ കയറിച്ചെല്ലുകയാണ്‌. കൈകളില്‍ ഇതാണെന്റെ പേരുമായി സക്കറിയയുടെ വിലാസമന്വേഷിച്ച അയാള്‍ കൗണ്ടറിലിരുന്ന ഷോറൂം മാനേജരെ അമ്പരപ്പിച്ചു.
ഇപ്പോള്‍ തിരുവനന്തപുരത്തെ പാരീസ്‌ റോഡിലുള്ള വത്സലാ നഴ്‌സിംഗ്‌ ഹോമിന്‌ എതിര്‍വശത്തുള്ള കെട്ടിട സമുച്ചയത്തിനു മുന്നില്‍ നാഥുറാം ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയാണ്‌. ഓട്ടോറിക്ഷക്കാരനോട്‌ അഞ്ചു മിനിട്ട്‌ കാത്തു നില്‍ക്കാന്‍ പറഞ്ഞ്‌ നാഥുറാം മൂന്നാം നിലയിലെ സക്കറിയയുടെ ഫ്‌ളാറ്റിലേക്കു കയറിച്ചെന്നു.
വായനയില്‍ മുഴുകിയിരുന്ന സക്കറിയയോട്‌ അയാള്‍ ചോദിച്ചു:
`മിസ്റ്റര്‍ സക്കറിയ?'
`അതേ'.
കഥാപാത്രം കഥാകാരനെ നോക്കിനിന്നു.
സക്കറിയ നാഥുറാമിനെ സംശയത്തോടെ നോക്കി. കൈയിലിരിക്കുന്ന ഇതാണെന്റെ പേര്‌ ശ്രദ്ധിച്ച സക്കറിയ പറഞ്ഞു:
`ഇരിക്കാം'
നാഥുറാം സക്കറിയയ്‌ക്ക്‌ അഭിമുഖമായി ഇരുന്നു.
നാഥുറാമിന്റ തീക്ഷ്‌ണനയനങ്ങള്‍ ശ്രദ്ധിച്ച സക്കറിയ ഇയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്തു. കണ്ടുപിടിക്കാന്‍ ഓര്‍മ്മകളുടെ അറകള്‍ കയറിയിറങ്ങി നിരാശനായി.
`സംശയിക്കേണ്ട, നാം തമ്മില്‍ ഇതിനുമുമ്പ്‌ കണ്ടിട്ടില്ല.' നാഥുറാം പറഞ്ഞു.
`എവിടെയോ കണ്ടുമറന്ന ഒരു മുഖം പോലെ' - സക്കറിയുടെ മൃദു സ്വരം.
`ഞാന്‍ മോഹന്‍ദാസ്‌' - നാഥുറാം സ്വയം പരിചയപ്പെടുത്തി.
നാഥുറാം പുസ്‌തകം മറിച്ചുകൊണ്ടു പറഞ്ഞു:
`നിങ്ങള്‍ വൃദ്ധന്‌ എന്തെല്ലാം ബഹുമതികളാണ്‌ നല്‌കിയിരിക്കുന്നത്‌. കള്ളന്‍, പൂച്ചസന്യാസി, വഞ്ചകന്‍, മായാവി, ഹിംസ്രമൃഗം, സൂത്രക്കാരന്‍, ഹൈന്ദവരുടെ ശത്രു....'
സക്കറിയ ഒരു വിളറിയ ചിരി ചിരിച്ചു. നാഥുറാം തുടര്‍ന്നു: `വൃദ്ധന്‌ ഞാന്‍ മൂന്നു വെടിയുണ്ടകള്‍ നല്‌കി. ഇപ്പോള്‍ പരോള്‍ കാലത്തും പശ്ചാത്താപ ത്തിന്റെ നരകാഗ്നിയില്‍ ആത്മാവ്‌ വെന്തുപൊള്ളുന്നു. നിങ്ങള്‍ എന്നെ മനസ്സിലാക്കാന്‍ എന്റെ പൂര്‍വ്വ ജന്മങ്ങള്‍ മനസ്സിലാക്കാന്‍ നോവല്‍ എഴുതി. ഞാന്‍ നന്ദി പറയാന്‍ വന്നതാണ്‌'.
സക്കറിയ നിശ്ശബ്‌ദനായി ഇരുന്നു.
നാഥുറാം തുടര്‍ന്നു: `വൃദ്ധന്‌ വ്യാജ അനു കര്‍ത്താക്കള്‍, എനിക്ക്‌ യഥാര്‍ത്ഥ അനുയായികള്‍. വൃദ്ധന്‌ വിമര്‍ശകര്‍, എനിക്ക്‌ താങ്കളെപ്പോലെ എന്നെ മനസ്സിലാക്കുന്ന എഴുത്തുകാര്‍... ചരിത്രത്തിന്റെ കോമഡികള്‍.'
സക്കറിയ ചിരിക്കാന്‍ ഒരു വിഫലശ്രമം നടത്തി.
നോവല്‍ വായിച്ച്‌ ചിത്തഭ്രമം ബാധിച്ചതായിരിക്കുമോ?- സക്കറിയ ആലോചിച്ചു. അദ്ദേഹത്തിന്‌ ചെറിയ പേടി തോന്നി. മുന്‍വാതില്‍ തുറന്നിട്ടി രുന്നതില്‍ ഖേദവും.
`മോഹന്‍ദാസ്‌ എവിടെ നിന്നു വരുന്നു?' - സക്കറിയ സൗമ്യസ്വരത്തില്‍ ആരാഞ്ഞു.
പൊടുന്നനെ നാഥുറാം പൊട്ടിച്ചിരിച്ചു.
ഭയത്തിന്റെ ഒരു ശീതക്കാറ്റ്‌ സക്കറിയയുടെ ശരീരം തലോടി കടന്നുപോയി.
ചിരിയൊടുങ്ങിയപ്പോള്‍ നാഥുറാം പറഞ്ഞു:
`മോഹന്‍ദാസ്‌.... വൃദ്ധന്റെ പേര്‌. താങ്കള്‍ എനിക്കു നല്‌കിയ പേര്‌.... താങ്കള്‍ വൃദ്ധന്റെ പേരും എനിക്കു തന്നു.'
ഒരു നിമിഷത്തെ നിശബ്‌ദത.
`പക്ഷേ, ഞാനത്‌ ഉപേക്ഷിക്കുകയാണ്‌ എഴുത്തു കാരാ. വൃദ്ധന്റെ യാതൊന്നും എനിക്കുവേണ്ട. മരിച്ചവന്‌ പേരുകൊണ്ട്‌ ഉപയോഗമില്ലെന്ന്‌ താങ്കളുടെ നോവലിലുണ്ടല്ലോ. അതുകൊണ്ട്‌ താങ്കള്‍ ഈ പേര്‌ തിരിച്ചെടുത്തുകൊള്ളുക. സൂര്യന്‍ സൂര്യനായും ഇരുട്ട്‌ ഇരുട്ടായും നിലനില്‍ക്കട്ടെ.'
നാഥുറാം കസേരയില്‍ നിന്ന്‌ എഴുന്നേറ്റു. സക്കറിയയും അറിയാതെ എഴുന്നേറ്റു.
`മിസ്റ്റര്‍ സക്കറിയ, എനിക്ക്‌ താങ്കളുടെ പേരു വേണം. ഞാനതെടുക്കുന്നു. നിങ്ങള്‍ക്ക്‌ എന്നെ ഇനി പോള്‍ സക്കറിയ എന്നു വിളിക്കാം.'
വീണ്ടും ഭിത്തികള്‍ കിടുങ്ങുമാറ്‌ നാഥുറാം പൊട്ടിച്ചിരിച്ചു.
പിന്നീടുള്ള ചില നിമിഷങ്ങളില്‍ പ്രപഞ്ചം മുഴുവന്‍ ഇരുട്ടായിരുന്നു.
താഴെ ഒരു ഓട്ടോ റിക്ഷ സ്റ്റാര്‍ട്ടു ചെയ്യുന്ന ശബ്‌ദം ഭൂമിയിലേയ്‌ക്ക്‌ വെളിച്ചം കൊണ്ടുവന്നു.
സക്കറിയ കസേരയില്‍ ഇരുന്നു.
പൊടുന്നനെ, തെരുവിനെ കീറിമുറിച്ചുകൊണ്ട്‌ പാഞ്ഞുപോയ, `ശിവസേന' എന്ന്‌ രക്തനിറത്തിലെ അക്ഷരങ്ങളില്‍ എഴുതിവച്ച ഒരു ആംബുലന്‍സിന്റെ ആര്‍ത്തനാദം സക്കറിയയെ നടുക്കി.